ഒരു ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍ ; യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ മൂന്നിലൊന്ന് കുട്ടികളെ ഉള്‍പ്പെടുത്താന്‍ ആലോചന. യൂണിഫോമും ഹാജറും നിര്‍ബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ 25% വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു.

പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്സുകള്‍ സംഘടിപ്പിക്കണമെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നരവര്‍ഷമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കലാ കായിക മേഖലക്ക് മുന്‍ഗണന നല്‍കണം. ഇത് സംബന്ധിച്ച മാര്‍ഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ  എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു അറിയിച്ചു.