സമയം താമസിച്ചു സ്‌കൂള്‍ അവധി പ്രഖ്യാപനം ; കളക്ടര്‍ ഡോ. രേണുരാജിനെതിരെ രക്ഷകര്‍ത്താക്കള്‍

മഴകാരണം സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ അവധി ആയിരുന്നു. എന്നാല്‍ ഇന്നലെ മഴ മാറി നിന്നതിനെ തുടര്‍ന്ന് ചില ഇടങ്ങള്‍ ഒഴികെ ഇന്ന് സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനം ആയിരുന്നു. പക്ഷെ രാത്രി വീണ്ടും മഴ ശക്തമായപ്പോള്‍ സ്‌കൂള്‍ അവധി ഉണ്ടോ എന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചു എങ്കിലും ഒരു അറിയിപ്പും വന്നിരുന്നില്ല. മഴ കുറവുള്ള ഇടങ്ങളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ എറണാകുളത്ത് അങ്ങനെ ആയിരുന്നില്ല. രാവിലെ കുട്ടികള്‍ സ്‌കൂളില്‍ എത്തിയശേഷമാണ് ഇന്നവിടെ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആണ് സമയം തെറ്റി അവധി പ്രഖ്യാപിച്ചത്, അപ്പോഴേയ്ക്കും ഭൂരിഭാഗം കുട്ടികളും സ്‌കൂളുകളില്‍ എത്തുകയും ചെയ്തു കഴിഞ്ഞിരുന്നു.

കളക്റ്ററുടെ ഈ നടപടി കാരണം രക്ഷകര്‍ത്താക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. അതിന്റെ ദേഷ്യം അവര്‍ തീര്‍ത്തത് കല്കട്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആണ്. ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ എന്നൊക്കെയാണ് കമന്റുകള്‍. രാവിലെ മിക്ക സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച നടപടിയോടാണ് മാതാപിതാക്കളുടെ കലിപ്പ്. കഴിഞ്ഞ ദിവസം മഴ തോര്‍ന്നു നില്‍ക്കുന്നതു കണ്ടാണ് ഇന്ന് എറണാകുളം ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കുന്നതിനു പകരം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏതാനും ഉപജില്ലകള്‍ക്കു മാത്രം കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ഥികളെ ഒരുക്കി സ്‌കൂളില്‍ വിടേണ്ടി വന്നു മാതാപിതാക്കള്‍ക്ക്.

ഇന്നലെ മുതല്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും കളക്ടറുടെ പേജില്‍ കയറി അഭ്യര്‍ഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് രാവിലെ 8.25ന്. അപ്പോഴേക്കും കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തില്‍ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാര്‍ഥികള്‍ക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മിക്ക സ്‌കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്തി. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭവന്‍സ് സ്‌കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്‌കൂളില്‍ കലക്ടര്‍ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാല്‍ കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല.