നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട് ; കൊല്ലാന്‍ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി
നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി അഭിഷേക് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. കൊലപ്പെടുത്തുന്ന കാര്യത്തില്‍ പ്രതി പരിശീലനം നേടിയിരുന്നതായി സംശയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം നടത്താന്‍ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു.
ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്.പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു എന്നും പൊലീസിനോട് പ്രതി പറഞ്ഞു. കേസില്‍ അഭിഷേക് ബൈജു നടത്തിയ ഗുരുതരമായ ആസൂത്രണം ആണ് ഇതോടെ വ്യക്തമായത് എന്ന് പൊലീസ് കരുതുന്നു. കൃത്യമായ ആസൂത്രണം ഇല്ലാതെ ഇങ്ങനെ ഒരു കൊലപാതകം നടത്താനാകില്ല എന്നും പൊലീസ് വിലയിരുത്തുന്നു. മൂര്‍ച്ചയേറിയ ബ്ലേഡ് വാങ്ങാന്‍ കാരണം ഇതാണ് എന്നും അന്വേഷണ സംഘം പറയുന്നു. ഏതായാലും അഭിഷേക് ബൈജു ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും കൂത്താട്ടുകുളത്ത് തെളിവെടുപ്പിന് എത്തിക്കുക.
പ്രണയം നിരസിച്ചതോടെ പ്രതിയായ അഭിഷേക് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സന്ദേശം വാട്‌സാപ്പില്‍ ഇല്ല എന്നാണ് പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഈ മെസ്സേജ് വീണ്ടെടുത്താല്‍ അത് നിര്‍ണായക തെളിവ് ആകുമെന്നും പോലീസ് കരുതുന്നു. ആസൂത്രണം ചെയ്തു കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് തെളിയിക്കാന്‍ ഇത്തരം ഭീഷണികള്‍ തെളിവായി ഉപയോഗിക്കാനാണ് പോലീസ് തീരുമാനം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് എടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രതിയുടെ വീട്ടില്‍ അടക്കം പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിന മോള്‍ സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുന്‍പേ നിതിന മരണപ്പെട്ടു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. ഇന്നുച്ചയോടെയായിരുന്നു നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചത്. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.








