കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു ; കാല്‍പാദം മുറിച്ചുമാറ്റി റോഡിലിട്ടു ; പ്രതികള്‍ കീഴടങ്ങി

കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയില്‍ രക്തസാക്ഷി കുടീരത്തിന് തൊട്ടുമുന്‍പില്‍ ഇന്ന് ഉച്ചയോടെയാണ് ഒരാളുടെ കാല്‍പ്പാദം കണ്ടെത്തിയത്. സംഭവം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചതോടെ പൊലീസ് സംഘം ഉടന്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാലങ്ങളായുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കൊല്ലപ്പെട്ട മനേഷ് തമ്പാനെതിരെ കൊലപാതകശ്രമം അടക്കം നിരവധി കേസുകളുണ്ട്. ഫെബ്രുവരിയില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ   പറഞ്ഞു. ജില്ലാ പോലീസ് മേധാവി അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനം.