പ്രളയം : ഉത്തരാഖണ്ഡ്ല്‍ മരണം 46 ആയി

കനത്ത മഴയില്‍ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ ഹോട്ടലും റിസോര്‍ട്ടുകളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴയില്‍ കോസി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനം മുങ്ങി. നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മേഘവിസ്ഫോടനത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതാണ് ഉത്തരാഖണ്ഡില്‍ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. നിരവധി റോഡുകള്‍ ഒലിച്ചുപോകുകയും പാലങ്ങള്‍ തകരുകയും ചെയ്തു.

മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥയാത്ര പുനരാരംഭിക്കുകയും യമുനോത്രി- ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമുണ്ടായതായി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായ കുമയൂണില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 23 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി.