എതിര്‍പ്പുകള്‍ക്കു ഇടയിലും കെ റെയിലുമായി മുന്നോട്ടു പോകാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍
വ്യാപകമായി എതിര്‍പ്പുകള്‍ ഉയരുന്നതിന്റെ ഇടയിലും കെ റെയില്‍ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പാതയില്‍ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെ രാജ്ഭവനു മുമ്പില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂര്‍ണ ഹരിതപദ്ധതിയാണ്. ആളുകള്‍ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതില്‍ കുറയ്ക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ വലിയ തോതിലുള്ള കുറവാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംഭവിക്കാന്‍ പോകുന്നത്. നാം കാണേണ്ടതും ശ്രദ്ധിക്കേണ്ടതും എടുത്തു പറയേണ്ടതും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഈ പാത ഒരിടത്തും പരിസ്ഥിതി ലോലപ്രദേശമെന്ന് കണക്കാക്കിയതിലൂടെ മുമ്പോട്ടു പോകുന്നില്ല.’ – മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തില്‍ ജീവിക്കുന്ന ഏതൊരാളും കെ റയിലിനെ അനുകൂലിക്കുകയാണ് ചെയ്യുക. ജനങ്ങള്‍ അനുകൂലിച്ചു. പക്ഷേ, ഇപ്പറഞ്ഞ വിഭാഗം (പ്രതിപക്ഷം) തുടക്കം മുതലേ അതിനെ എതിര്‍ത്തു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്, എവിടുന്നു പണം കിട്ടാനാണ്, ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്. നടക്കുമെന്നായപ്പോള്‍ അതിനെതിരെ രംഗത്തുവന്നു. നടന്ന ചില കാര്യങ്ങളെ കുറിച്ച് പരസ്യമായ എതിര്‍പ്പ് രേഖപ്പെടുത്തി. പക്ഷേ, അതിനോടൊന്നും ജനങ്ങള്‍ ഒരുതരത്തിലുള്ള ആഭിമുഖ്യവും കാണിച്ചില്ല. അങ്ങനെയാണ് വിഭാവനം ചെയ്ത അമ്പതിനായിരം കോടിക്ക് പകരം അറുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപ രേഖ തയ്യാറാകുന്നത്. പലതും നടപ്പായിക്കഴിഞ്ഞു.’ മുഖ്യമന്ത്രി പറഞ്ഞു.ചില നിക്ഷിപ്ത താത്പര്യക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.