കെ-റെയില്‍ : രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആര്‍ കോപ്പിയടിച്ചത്’ ; പ്രാഥമിക സാധ്യതാപഠനത്തില്‍ വന്‍ വെളിപ്പെടുത്തലുകള്‍

പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതി കേരളത്തിന്റെ മുഖഛായ തന്നെ മാറും എന്നൊക്കെ കൊട്ടിഘോഷിക്കുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് വെളിപ്പെടുത്തല്‍. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മയുടേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആര്‍സി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളത് എന്നും ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ട്.

പ്രളയ- ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദല്‍ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നതെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടി. സ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) വെച്ചാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്ന് ആദ്യം റെയില്‍വേ ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ പാത, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തന പരിചയമുള്ള ആളാണ് അലോക് വര്‍മ. കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആര്‍ എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പില്‍ വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

യാത്രക്കാരുടെ എണ്ണം കൂട്ടിചേര്‍ത്തിരിക്കുകയാണ്. സ്റ്റേഷനുകള്‍ ക്രമീകരിച്ചതിലും വലിയ പിഴവാണ് വരുത്തിയിട്ടുള്ളത്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഡിപിആറില്‍ 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് പറയുന്നത്. ഭൂപ്രകൃതിയും പ്രളയസാധ്യതയും ഒന്നും പഠിക്കാതെ ഇങ്ങനെ ചെയ്യുന്നത്. ലീഡാര്‍ സര്‍വേ ഡാറ്റ ഉപയോഗിച്ച് കൃത്രിമമായി കെട്ടിചമച്ചതാണ് പദ്ധതിയെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നു. കെ- റെയില്‍ പദ്ധതിയുടെ മറവില്‍ വലിയ തോതിലുളള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിലുള്ളതെന്നാണ് അലോക് വര്‍മ സൂചിപ്പിക്കുന്നു.

അതേസമയം കെ റെയിലിന്റെ നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി. ശശി തരൂര്‍ നിവേദനത്തില്‍ ഒപ്പുവെച്ചില്ല. 18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തില്‍ ഒപ്പുവെച്ചത്. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റേയില്‍വേ മന്ത്രി അശ്വിനി കുമാര്‍ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവദേനം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.