സില്‍വര്‍ ലൈനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍

പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പരസ്യമായ വിമര്‍ശനം. പഠനങ്ങളില്ലാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണം. സാമൂഹ്യാഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവുമില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മുന്‍ മന്ത്രി കൂടിയായ വി എസ് സുനില്‍കുമാര്‍ ആണ് ആശങ്ക രേഖപ്പെടുത്തിയത്.എന്നാല്‍ പുനരധിവാസവും നഷ്ടപരിഹാവും പ്രധാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. ഇപ്പോള്‍ നടക്കുന്നത് സ്ഥലമേറ്റെടുക്കലല്ല. പദ്ധതി മുന്നണിയുടെ തീരുമാനപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും കാനം വ്യക്തമാക്കി.

അതിനിടെ സിപിഐയിലെ പ്രായപരിധി നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐ നേതൃനിരയിലെ പ്രായപരിധി 75 വയസാക്കി ചുരുക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ ചെയ്യുന്നത് പോലെ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രായപരിധി അംഗീകരിക്കുന്ന തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൈകൊണ്ടു.നേരത്തെയും പദ്ധതിക്ക് എതിരെ സി പി ഐ രംഗത്തു വന്നിരുന്നു. എന്നാല്‍ സി പി എം ഭീഷണിയില്‍ എതിര്‍പ്പുകള്‍ എല്ലാം മറച്ചു വെച്ച് പിന്തുണ നല്‍കുകയാണ് പാര്‍ട്ടി ചെയ്തത്.