സര്‍ക്കാരിലെ ‘പിണറായി’ ബ്രാന്‍ഡിങ്ങിനെതിരെ സിപിഐ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് എതിരെയുള്ള പ്രതിഷേധം തുടരുന്നു. ശക്തമായ രീതിയിലാണ് പിണറായിക്ക് എതിരെ ഇപ്പോള്‍ എതിര്‍പ്പുകള്‍ ഉയരുന്നത്. ഇടത് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്‍ഡ് ചെയ്യുന്നതില്‍ സിപിഐയില്‍ കടുത്ത അതൃപ്തി. പിണറായി സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ഓര്‍മ വേണമെന്ന പരാമര്‍ശത്തോടെയായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയ്ക്കിടെ വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫിന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. സിപിഎമ്മില്‍ നിന്ന് എത്തുന്നവര്‍ക്ക് നല്ല പദവി നല്‍കി പ്രോത്സാഹനപരമായ നിലപാടുകള്‍ നേതൃത്വം സ്വീകരിക്കണം. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേര്‍ സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം കൂടുമെന്നാണ് പ്രതിനിധികളുടെ അഭിപ്രായം.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ നേതൃത്വം ശക്തമായി ഇടപെടണം. പോലീസിനെ നിലയ്ക്കു നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും പൊതു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി അംഗത്വം കൂടാത്തത് ബ്രാഞ്ചുകളുടെ വീഴ്ചയാണെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ജനകീയ വിഷയങ്ങളില്‍ ബ്രാഞ്ചുകള്‍ ഇടപെടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ ഉണ്ടാക്കിയിട്ടും സി പി ഐക്കെതിരെ സി പി എം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചുവെന്നും വിമര്‍ശനമുണ്ട് . പൊതു ചര്‍ച്ചയിലെ വിമര്‍ശനങ്ങള്‍ക്ക് നേതൃത്വം മറുപടി നല്‍കും.

ആനി രാജയ്‌ക്കെതിരായ എം എം മണിയുടെ പ്രസ്താവനയക്കെതിരെയൊ, എല്‍ദോ എബ്രഹാമിനെതിരെയുള്ള പൊലീസ് നടപടിയെയോ വിമര്‍ശിക്കാത്ത കാനം രാജേന്ദ്രന്റെ നിലപാടില്‍ ഇന്നലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനായിരുന്നു പൊതു ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. സംസ്ഥന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനില്ല. ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ചര്‍ച്ചചെയ്യാതെ ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രതികരിക്കേണ്ടതില്ല. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.

കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നാഷണല്‍ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നല്‍കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. എല്‍ദോ എബ്രഹാം എഐവൈഎഫ് സമരത്തിന് പോകേണ്ട കാര്യം ഇല്ലായിരുന്നെന്നും, എ ഐ എസ് എഫിലെ നിമിഷരാജുവിന്റെ വിഷയം ഒരു സാധാരണ വിദ്യാര്‍ത്ഥി സംഘട്ടനം മാത്രമാണന്നുമായിരുന്നു കാനത്തിന്റെ മറുപടി. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞില്ല. കാനം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാടുകള്‍ എടുക്കുന്നതില്‍ സംഘടനയില്‍ എതിര്‍പ്പുകള്‍ മറ നീക്കി പുറത്തു വന്ന കാഴ്ചയാണ് സമ്മേളന വേദിയില്‍ കാണുവാന്‍ കഴിയുന്നത്.