പുതിയ കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിചാരണ നീട്ടാന്‍ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ഇതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. ഒന്നാം പ്രതിയായ നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ് , സഹോദരീ ഭര്‍ത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെയാണ് ക്രമിനില്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 29 ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസില്‍ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു. അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു.കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. എ.ഡി.ജി.പി എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പ്, എസ്.പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.