കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ ഓഡിയോ റെക്കോഡുകള്‍ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും കൈമാറി. ഇത് തെളിയിക്കാന്‍ 20 ഓഡിയോ റെക്കോഡുകള്‍ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളില്‍ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗര്‍ പണം ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപുമായി നിര്‍മ്മാതാവ് – സംവിധായകന്‍ എന്ന നിലയിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണ് തനിക്കുണ്ടായിരുന്നത്. പരാതി നല്‍കാന്‍ വൈകിയത് സാങ്കേതിക കാരണങ്ങള്‍ നിമിത്തമാണ്. വെളിപ്പെടുത്തലിന് ശേഷവും ഭീഷണിയുണ്ട്. ദിലീപുമായി ബന്ധമുള്ള ഒരു നിര്‍മ്മാതാവ് തന്റെ വീടും സ്ഥലവും അന്വേഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.

ഇതിനിടെ കേസിലെ സാക്ഷികള്‍ കൂറുമാറിയതില്‍ സംശയം പ്രകടിപ്പിച്ച് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. സാക്ഷിയുടെ സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ദിലീപിന്റെ ഡ്രൈവര്‍, കാവ്യാ മാധവന്‍, ഭാമ, ബിന്ദു പണിക്കര്‍ എന്നിവരുള്‍പ്പെടെ നിരവധി സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. വിചാരണ വേളയില്‍ കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചു.