നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
പോലീസ് ഉദ്യോഗസ്ഥരെ ആപായപ്പെടുത്തും എന്ന ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയ കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. എന്നാല്‍ കേസില്‍ നാലു വര്‍ഷത്തിന് ശേഷം ചിലര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് സംശയകരമാണെന്നും വിചാരണ വൈകിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുകയാണെന്നും കേസ് പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുന്‍ റൂറല്‍ എസ്.പിയും ഇപ്പോള്‍ ഐ.ജിയുമായ എ.വി. ജോര്‍ജ്, എസ്.പി. സുദര്‍ശന്‍, സോജന്‍, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്റെ സൗകര്യാര്‍ത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷന് വാക്കാല്‍ നിര്‍ദേശം നല്കി. വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബന്ധുവായ അപ്പു , ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍.









