നടി ആക്രമിക്കപ്പെട്ട കേസ് ; മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു. അതേസമയം കേസില്‍ പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത് എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുനര്‍വിസ്താരത്തിന് അനുമതി നിഷേധിച്ചതായി വ്യക്തമാകുന്നത്. നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രതികളുടെ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ച കോടതി ദിലീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസില്‍ പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും സമാന കാരണത്താല്‍ പ്രോസിക്യൂട്ടര്‍ രാജി സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും.

ഇതിനിടെ കേസില്‍ മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രഹസ്യ വിചാരണ എന്ന നിര്‍ദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വര്‍ത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി. മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.