മാധ്യമവിചാരണയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കോടതി വിധിക്ക് മുന്നേ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നു എന്ന ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്ക് വിചാരണ നടത്തുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഹര്‍ജി. കേസില്‍ മാധ്യമങ്ങള്‍ രഹസ്യ വിചാരണയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചോവെന്ന് പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
രഹസ്യവിചാരണയെന്ന സെഷന്‍സ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണി കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ലഭിച്ച കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുള്ള സാധ്യതകളെ മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഈ ദിവസം വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗം ആവശ്യവും കോടതി അംഗീകരിച്ചു.
നേരത്തെ സംവിധായകന്‍ ബാലചന്ദ്രകമാറിന്റെ ആറു മണിക്കൂര്‍ നീണ്ട രഹസ്യമൊഴിയുടെ മുഴുവന്‍ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. കേസില്‍ നിര്‍ണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിക്കുകയായിരുന്നു.കേസില്‍ പുതുതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ കോടതി അടുത്ത ദിവസത്തേക്ക് ഇതുമൂലം കേസ് മാറ്റുകയായിരുന്നു. ഇന്ന് വീണ്ടും കേസ് മാറ്റി. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇവരെയും വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ല.
നടിയെ അക്രമിച്ച ദ്യശ്യങ്ങള്‍ എത്തിച്ച് നല്‍കിയത് ദിലീപിന്റെ സുഹ്യത്ത് ശരത്താണോയെന്ന സംശയത്തിലാണ് ക്രൈം ബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിയ്ക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമാണ് വി ഐ പിയുടെ പങ്കാളിത്തം. ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോട്ടയം സ്വദേശിയായ മെഹബൂബ് ആരോപണം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദീലീപിന്റെ സുഹ്യത്തായ ശരത്തിലേക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.









