കെ റെയില്‍ ; ഡിപിആര്‍ തയ്യാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി

കെറെയിലില്‍ ഡിപിആര്‍ തയ്യാറാക്കിയത് എന്തിന്റ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.ഡിപിആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ പുറത്തു വിട്ടിരുന്നു. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണോ സര്‍ക്കാര്‍ പദ്ധതിക്ക് തയാറെടുത്തതെന്നും സര്‍വേ നടത്തും മുമ്പേ തന്നെ ഡിപിആര്‍ തയാറാക്കിയോയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കൂടാതെ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിപി ആര്‍ തയാറാക്കിയത് നിയമപരമാണോ, സര്‍വ്വേ പൂര്‍ത്തിയാകാതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ എങ്ങനെ അനുമതി നല്‍കും, ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിപി ആര്‍ തയാറാക്കിയത് നിയമപരമാണോ, എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അനുമതി കിട്ടിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഡിപിആര്‍ തയാറാക്കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിമേഖലയില്‍ നേരിട്ടെത്തിയുളള സര്‍വേ തുടരുകയാണ്, സാമുഹികാഘാത പഠനത്തിനാണ് സര്‍വേ നടത്തിയത് , ഭൂമി ഏറ്റെടുക്കലിനല്ല. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ ആളുകള്‍ സര്‍വേക്കല്ലുകളില്‍ റീത്ത് വയ്ക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയ സര്‍ക്കാര്‍ നടപടി പുതിയ സംവാദത്തിന് തിരി കൊളുത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.