ദിലീപ് സുപ്രീം കോടതിയില്‍ ; ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. വിചാരണക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിര്‍ സത്യവാങ്മൂലം നല്‍കിയത്. ഇരു ഹരജികളും കോടതി നാളെ പരിഗണിക്കും. കൂടുതല്‍ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ കാക്കാനാണെന്ന് ദിലീപ് കുറ്റപ്പെടുത്തി. വിചാരണ നീട്ടരുതെന്നും വേഗം തീര്‍ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഈ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ആവശ്യത്തെ എതിര്‍ത്തുള്ള ദിലീപിന്റെ നീക്കം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു.

അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികള്‍ പരിശോധിക്കുന്നത്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക മൊഴി പരിശോധിച്ച ശേഷം തയ്യാറാക്കും. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 11 മണിക്കൂറാണ് ദിലീപിനെ ഇന്ന് ചോദ്യംചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യംചെയ്യലെങ്കിലും നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടാകും. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി വരുന്ന ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്ന് ദിവസം അന്വേഷണ സംഘത്തിനും ദിലീപിനും നിര്‍ണായകമാണ്.