10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി എന്ന് ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയതായി നടന്‍ ദിലീപ് ഹൈക്കോടതയില്‍. കൂടാതെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കുന്നു. വധഭീഷണിക്കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി മുന്‍പാകെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.

ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണംതട്ടല്‍. പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതയ്ക്ക് കാരണമായി. തുടര്‍ന്ന് ജാമ്യം റദ്ധാക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നതോടെ ഇയാളെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തുവെന്നും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡി.ജി.പി. ബി. സന്ധ്യയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.

കൂടാതെ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് പറയുന്നുണ്ട്. ശബ്ദം റെക്കോഡ് ചെയ്ത ടാബ് കണ്ടെത്തിയിട്ടില്ല, കേസിനാധാരമായ വോയിസ് ക്ലിപ്പുകളിലെ സംഭാഷണങ്ങള്‍ക്ക് തുടര്‍ച്ചയില്ല. ഇത് ക്രിത്രിമത്വം നടന്നതിന് തെളിവാണെന്നുമാണ് ദിലീപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നേരത്തെ ക്രൈം ബ്രാഞ്ച് നല്‍കിയ സത്യവാങ് മൂലത്തിനു മറുപടി കൂടിയാണ് ഇത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നാള്‍ മുതല്‍ കേസില്‍ ദിലീപ് നടത്തിയ ഇടപെടലുകള്‍ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം സമര്‍പ്പിച്ച സത്യവാങ്മൂലം. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗൂഡാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ഇപ്പോളത്തെ വെളിപ്പെടുത്തലുകള്‍. ദിലീപിനെ സഹായിക്കാന്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഡാലോചനക്കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണ്. അതീവ രഹസ്യ ഗൂഡാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നത്. ഗൂഡാലോചനയ്ക്ക് സാക്ഷിയായ ആള്‍ നേരിട്ടെത്തിയാണ് പൊലീസിന് മൊഴി നല്‍കിയത്. ഗൂഡാലോചന തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖ, ശബ്ദപരിശോധനക്ക് അയക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഗൂഡാലോചനക്കേസില്‍ വെള്ളിയാഴ്ചയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ എതിര്‍ത്തിട്ടുണ്ട്.

അതേസമയം യൂട്യൂബില്‍ അറസ്റ്റ് ദൃശ്യവും നടിയെ പീഡിപ്പിച്ച ദൃശ്യവും കണ്ടത് ഒരേ ദിവസമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. അറസ്റ്റ് ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് വിഐപി കൊണ്ടുവന്ന പീഡനദൃശ്യങ്ങള്‍ കണ്ടത്. ബ്ലാക്ക് മെയിലിങ് എന്ന ദിലീപീന്റെ വാദം തെറ്റാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപല്ല താനാണ് നേരത്തെ ധാരണയിലെത്തിയ സിനിമയില്‍ നിന്ന് പുറത്തുവന്നത്. തെറ്റിനൊപ്പം നില്‍ക്കേണ്ടി വന്നുവെന്ന കുറ്റബോധം കൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെതിരെ താന്‍ നല്‍കിയ തെളിവുകളെക്കാള്‍ കൂടുതല്‍ അന്വേഷണ സംഘത്തിന്റെ കൈയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു.