ചോദ്യം ചെയ്യലിന് കൃത്യ സമയത്ത് ഹാജരായി ദിലീപ്

ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ദിലീപ് കൃത്യസമയത്തെത്തി. ചോദ്യം ചെയ്യലില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന. അന്വേഷണസംഘം റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഒപ്പം അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിര്‍ണ്ണായക തെളിവുകള്‍ നേരില്‍ക്കാണിച്ചുള്ള ചോദ്യംചെയ്യലാകും ഇന്നുണ്ടാകുക. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തിയും ചോദ്യങ്ങളുണ്ടാകും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ രാത്രി തന്നെ തയാറാക്കിയിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം ബലപ്പെടുത്തുന്ന മൊഴി ലഭിച്ചുവെന്ന സൂചനയുമുണ്ട്.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്. നേരത്തെ നടന്ന റെയ്ഡില്‍ ദിലീപിന്റെയും അനൂപിന്റെയും ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.കേസില്‍ ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദിലീപ് (Dileep)അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഒന്നാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണ്. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുന്നത് പ്രായോഗികമല്ല. പുതിയ സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍ ആണുള്ളത്. മറ്റൊരാള്‍ കൊവിഡ് ബാധിച്ച ചികിത്സയിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു.