ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു എന്ന് അഭിഭാഷകന്റെ മൊഴി

ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ അഡ്വ. സജിത്തിനെയാണ് ചോദ്യം ചെയ്തത്. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞതായും അഭിഭാഷകന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ബാലചന്ദ്രകുമാര്‍ അയച്ച വാട്ട്‌സ് ആപ് ചാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അഭിഭാഷകന്‍ സജിത്ത് കൈമാറി.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ?ഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ എടവനക്കാട് പറഞ്ഞു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം താന്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസന്‍ എടവനക്കാട് പറഞ്ഞു. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസന്‍ തിരിച്ചറിഞ്ഞത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ നടന്‍ ദിലീപടക്കമുള്ള പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ മാറ്റി. അന്വേഷണ സംഘം പിടിച്ചെടുത്തത് പുതിയ ഫോണുകള്‍. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫോണും മാറ്റിയിരിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരിക്കുകയാണ്. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.