പോലീസിന് ഫോണ്‍ നല്‍കില്ല ; ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കും : ദിലീപ്

കേരളാ പൊലീസിന് തന്റെ ഫോണ്‍ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാം. പൊലീസിന് കൈമാറിയാല്‍ കള്ളക്കഥയുണ്ടാക്കും. ഫോണ്‍ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. സുപ്രിം കോടതി വിധിയനുസരിച്ച് പ്രതികളോട് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലന്ന് ദിലീപ് വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ നോട്ടീസിന് രേഖാമൂലമാണ് ദിലീപ് മറുപടി നല്‍കിയത്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ ഇവരുടെ ഫോണുകള്‍ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇവരുടെ മൊബൈല്‍ നമ്പറുകളുടെ ഐഎംഇഐ നമ്പര്‍ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ ഇന്ന് ഒരു മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സൂചന. ഫോണുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടില്‍ ഈ ആവശ്യവും ഉന്നയിക്കും.

തന്നോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണാണ്. കൈവശമുള്ള മറ്റൊരു ഫോണില്‍ ബാലചന്ദ്ര കുമാറിനെതിരായ തെളിവുകളാണ് ഉള്ളത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം കോടതിയില്‍ നല്‍കാനാണ് തീരുമാനമെന്നും ദിലീപ് മറുപടിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്നും മറുപടിയില്‍ ദിലീപ് പറയുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ചിനെതിരായ ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്.