ദിലീപിന്റെ അറസ്റ്റിനു വിലക്ക്
നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ഡിജിറ്റല്‍ രേഖകള്‍ അപഗ്രഥനം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ച ശേഷമാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ മുദ്രവെച്ച് ഹൈക്കോടതിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ ബുധനാഴ്ച കോടതി തീരുമാനമെടുക്കുക.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും, ബന്ധു അപ്പുവും സുഹൃത്ത് ബൈജുവിനെയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറുകളാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്റെ അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.പല തെളിവുകളും ദിലീപിനു മുന്നില്‍ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം.