തിങ്കളാഴ്ച രാവിലെ ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ കൈമാറ്റ വിഷയത്തില്‍ നടന്‍ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച 10 മണിക്ക് മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറു ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന ഉത്തരവാണ് കോടതി നല്‍കിയത്. മുംബൈയിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നതിനാല്‍ ചൊവ്വാഴ്ച മാത്രമേ ഫോണുകള്‍ ഹാജരാക്കാന്‍ കഴിയൂ എന്ന ദിലീപിന്റെ വാദം കോടതി തള്ളി. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം.

ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ആര്‍ക്കാണ് ഇത്തരത്തില്‍ പരിശോധനക്കയക്കാന്‍ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജന്‍സികള്‍ക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലം നിയമപ്രകാരം സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു. സ്വന്തം നിലയില്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ആവര്‍ത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ആറ് ഫോണുകളും കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് മുദ്രവച്ച കവറില്‍ ഫോണുകള്‍ കൈമാറേണ്ടത്.

ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്റെ ഉപഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുകയാണ്. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല.അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല. രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്.ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാല്‍ സി ഡി ആര്‍ വഴി ആന്ന് നാലാമതൊരു ഫോണ്‍ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോണ്‍ ഹാജര്‍ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കില്‍ പിന്നെ സൈബര്‍ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു. പ്രോസിക്യൂഷനു മൊബൈല്‍ കണ്ടുകെട്ടാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാന്‍ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി.പ്രതികളുടെ കൈവശം ഉള്ള ഫോണ്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ അതും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും അഡ്വ.ഗോപിനാഥ് ചോദിച്ചു.