നടിയെ ആക്രമിക്കപ്പെട്ട കേസ് ; തുടരന്വേഷണം തടയണം ; നിര്‍ണായക നീക്കവുമായി ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയിലെ ആവശ്യം. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിലീപിന്റെ നിര്‍ണായക നീക്കം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനാണ് അന്വേഷണ സംഘം തുടരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണത്തിനായി ഒരുമാസം സമയം അനുവദിച്ച വിചാരണക്കോടതി നടപടി അംഗീകരിക്കാനാവില്ല.

അന്വേഷണ സംഘം തുടരന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കും എന്നു വിശ്വസിക്കാനാകില്ല. അന്വേഷണം വലിച്ചു നീട്ടാനാണ് സാധ്യത. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണക്കോടതിയുടെ രേഖകളില്‍ നിന്ന് നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ദിലീപ് ഉയര്‍ത്തിയിട്ടുണ്ട്. വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുന്‍പു തന്നെ ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. 28ന് ഹര്‍ജി സമര്‍പ്പിച്ച് 29ന് തന്നെ തുടരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. തുടരന്വേഷണം നടത്താനായി കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഗൂഢാലോചന ആരോപണങ്ങളുമായി തന്റെ കുടുംബത്തിലുള്ള മുഴുവന്‍ പേരെയും പ്രതിചേര്‍ത്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് തനിക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണുകള്‍ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോണ്‍ കോടതിയില്‍ തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ വെച്ച് തുറന്ന് പാറ്റേണ്‍ പരിശോധിക്കില്ല. നടന്‍ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക്? അയക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നല്‍കിയത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളില്‍നിന്ന് തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ദിലീപിന്റെ ഫോണുകള്‍ തുറക്കാനുള്ള പാറ്റേണുകള്‍ അഭിഭാഷകര്‍ മുഖേന ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിട്ടുണ്ട്.