ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷി , പ്രതികള്‍ നിയമത്തിന് വഴങ്ങണം ; പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ക്ക് പകരം വ്യക്തികളെ വിശ്വാസത്തില്‍ എടുക്കുവാന്‍ ആണ് പ്രോസിക്യൂഷന്‍ നിരന്തരം കോടതിയോട് ആവശ്യപ്പെടുന്നത്. പ്രതിഭാഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് തെളിവ് സഹിതം മറുപടി നല്‍കാതെ വീണ്ടും വീണ്ടും നടി ആക്രമിക്കപ്പെട്ട കേസുമായി ഇതിനെ കൂട്ടി കുഴയ്ക്കുവാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കേസില്‍ വാദം തുടര്‍ന്നുകൊണ്ടിരിക്കെ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷിയെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുന്നു. ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. പരാതി നല്‍കിയ ശേഷം ചാനല്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് ബാലചന്ദ്ര കുമാറിനെ ആദ്യമായി കാണുന്നത്. ബാലചന്ദ്ര കുമാറിന്റെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാണ് നെടുമ്പാശ്ശേരി എസ്.എച്ച്. ഓക്ക് പരാതി കൈമാറിയത്. തുടരന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. കേസ് അട്ടിമറിക്കാനാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തെറ്റാണ്. അത് നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ബാലചന്ദ്ര കുമാറിന്റെ പരാതിയില്‍ ബൈജു പൗലോസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. കേസിന്റെ കൃത്യമായ നടപടി ക്രമങ്ങള്‍ നടത്തിയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കുന്നതാണ്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ബാലചന്ദ്രകുമാറും ഭയപ്പെട്ടിരുന്നു. ഇതിനാലാണ് പൊലീസിനെ വിവരം അറിയിച്ചത്. സാക്ഷിക്കറിയാവുന്ന കാര്യങ്ങള്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഗൂഢാലോചനയെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ ദിലീപ് കൊല്ലുമോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചിരുന്നു അതുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല്കാതിരുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. ബാലചന്ദ്രകുമാറിന്റെ സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നല്‍കുന്ന തെളിവു മാത്രമാണ്. മൊഴിമാറ്റാന്‍ ആലുവ സ്വദേശി സലിമിന് പണം വാഗ്ദാനം ചെയ്തു. ദിലീപിന്റെ സുഹ്യത്ത് ശരത്താണിത് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഏത് രീതിയില്‍ കൊല്ലണമെന്ന് വരെ പ്ളാനിംഗ് നടന്നു. ആലുവക്കാരനായ ദോഹ വ്യവസായി സലീമിന്റെ മൊഴി നിര്ണായകമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം ഗൂഢാലോചനകളില്‍ സാക്ഷിയെ കിട്ടാറില്ല. പ്രതിഭാഗം ആരോപിച്ചതുപോലെ കള്ളസാക’ഷിയല്ല. ഇത്തരം കേസുകള്‍ തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകള്‍ ഉണ്ടാവാറില്ല. ഈ കേസില്‍ നേരിട്ടുളള തെളിവുകളുണ്ട്.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണത്തില്‍ മാത്രമേ വസ്തുതകള്‍ ശേഖരിക്കാനാകൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ ദിലീപ് നിയമത്തിന് വഴങ്ങണമെന്ന് ചൂണ്ടിക്കാട്ടി. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച പ്രോസിക്യൂഷന്‍ പ്രതികളുടെ പശ്ചാത്തലം കൂടി ജാമ്യാപേക്ഷയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു.

സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ വിഡിയോ ലഭിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരാണ് പ്രതികള്‍. പ്രതികളിലൊരാള്‍ സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരിരക്ഷ പ്രതിക്ക് നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. അതേസമയം ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിക്കേണ്ട കേസ് എങ്ങനെ നേരിട്ട് ക്രൈം ബ്രാഞ്ചിന്റെ പക്കല്‍ എത്തി എന്ന ചോദ്യമാണ് ഇന്ന് ദിലീപ് ഉയര്‍ത്തിയത്. അതുപോലെ ബാലചന്ദ്രകുമാര്‍ ശബ്ദം റിക്കാര്‍ഡ് ചെയ്ത ടാബും കോപ്പി ചെയ്തു എന്ന് പറയപ്പെടുന്ന ലാപ്പ് ടോപ്പും ഇതുവരെ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടും ഇല്ല.