വിവാഹവീട്ടില്‍ പാട്ടു വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഒരാളെ ബോംബ് എറിഞ്ഞു കൊന്നു

വിവാഹ വീട്ടില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വിവാഹവീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്.

തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത് എറിഞ്ഞ ബോംബ് സംഘാംഗത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. കൂട്ടാളികള്‍ മൃതദേഹം ഉപേക്ഷിച്ചു അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഇയാളുടെ കൂടെ ഉള്ളവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.