സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയിട്ടും അനൂപ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ബന്ധു മരിച്ചതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് അനൂപിന്റെ വിശദീകരണം. അതേസമയം ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു. കൂടുതല്‍ പേരില്‍ നിന്നും ഉടന്‍ മൊഴി എടുക്കും. ഇതിനിടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്.
തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബാലചന്ദ്ര കുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും മൂന്നു മാസമായി തനിക്കെതിരെ ഗൂഢാലോചന നടത്തി, ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്കു അഭിമുഖം നല്‍കിയതെന്നും കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എ.ഡി.ജി.പി ശ്രീജിത്തിന് തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കേസില്‍ കക്ഷി ചേരുന്നതിനായി നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായുള്ള നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിവരികയാണ്.