ഉദ്യോഗസ്ഥ വധഗൂഢാലോചന കേസ് ; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി. എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വധഗൂഢാലോചന കേസില്‍ കഴിഞ്ഞ ദിവസം ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി.

വധഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു.