വധശ്രമ ഗൂഢാലോചന കേസ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി ; അഭിഭാഷകനും ക്രൈംബ്രാഞ്ച് നോട്ടീസ്
ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന്‍ പി. ശിവകുമാര്‍ അഥവാ അനൂപ് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകും. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഇരുവരുടെയും ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍. നേരത്തെ കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമുള്ള രണ്ടാംഘട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടാണ് സൂരജ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്‍പില്‍ എത്തിയത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ സൂരജിനെയും അനൂപിനെയുമാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം നടന്‍ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെയും അനൂപിന്റെയും സൂരജിന്റെയും ആറ് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് മുന്‍പാകെ അപേക്ഷ നല്‍കും. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ ചോദ്യം ചെയ്യലും ഉണ്ടായേക്കും. വധശ്രമഗൂഢാലോചനാ കേസില്‍ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും FIR നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകര്‍ നാളെ കോടതിക്ക് മുന്നില്‍ പ്രതിഷേധം നടത്തും. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയത്. അതേ സമയം കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ നടിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹരജി. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹരജിയെ എതിര്‍ത്തുകൊണ്ടാണ് നടി കേസില്‍ കക്ഷി ചേരാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിച്ചത്. പരാതിക്കാരിയായ തന്റെ ഭാഗം കേള്‍ക്കാതെ ഹരജിയില്‍ തീരുമാനമെടുക്കരുതെന്ന് നടി ഹൈക്കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.