സില്‍വര്‍ലൈന്‍ ; സര്‍ക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി
കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്ക് വേണ്ടിയല്ല, സംശയമുള്ളവര്‍ക്ക് വേണ്ടിയാണ് വിശദീകരണം. പരിസ്ഥിതി സൗഹാര്‍ദമായ സമ്പൂര്‍ണ ഗ്രീന്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോഴിക്കോട്ട് വിശദീകരണയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു ഡി എഫ് തുടങ്ങിവച്ച പദ്ധതി എല്‍ ഡി എഫ് നടപ്പിലാക്കുന്നു എന്നതാണ് എതിര്‍പ്പിന് കാരണം. വയലുകളിലൂടെ കടന്നു പോകുമ്പോഴും പുഴകളുടെയും ഒഴുക്ക് തടസപ്പെടില്ല. കാലാനുസൃതമായ മാറ്റം ഗതാഗത സംവിധാനത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നതെന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്പൊക്കെ പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലെന്നും ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാകില്ലെന്ന് കരുതിയ ദേശീയ പാത വികസനം ഓരോ റീച്ചായി അതി വേഗത്തില്‍ നടക്കുന്നു. ഗെയില്‍ പദ്ധതി നടക്കില്ലെന്ന് കരുതി അവര്‍ തന്നെ ഉപേക്ഷിച്ചതാണ്. അത് നടപ്പായി -മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ നടപ്പാക്കുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാറിനില്ലെന്നും നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്കുള്ള വിശദീകരണമല്ലിതെന്നും യഥാര്‍ത്ഥ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമാണ്. കേരളത്തിലെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമാണെങ്കിലും അത്തരമിടങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയാണ് ആവശ്യമായ ഭൂമിയ്ക്ക് വേണ്ടത്. കല്ലും മണ്ണുമെല്ലാം ദേശീയ പാത വികസനത്തെക്കാള്‍ കുറവ് മതി. 115 കിലോമീറ്റര്‍ പാടശേഖരത്തില്‍ 88 Km ആകാശപാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈനിന് ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ല. 9,314 കെട്ടിടങ്ങളെ ബാധിക്കും. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
വെള്ളപ്പൊക്ക ഭീഷണിയെന്ന വാദം ശരിയല്ലെന്നും തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് റെയില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിനെയാകെ വിഭജിക്കുന്നതല്ല പാതയെന്നും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ അടിപ്പാതകള്‍ ഉണ്ടാകുമെന്നും അതിനാല്‍ അതിവേഗ റെയിലിന് സ്റ്റാന്‍ഡേര്‍ഡ് ഗേജോണ് എല്ലായിടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വെയുടെ നിര്‍ദ്ദേശം അതാണെന്നു ചൂണ്ടിക്കാട്ടി. 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തന വേഗതയെന്നും സംരക്ഷിത വേലികള്‍ ഉണ്ടാകുമെന്നും പറഞ്ഞു. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിലവിലെ റെയില്‍ പാത വളവും തിരിവുമുള്ളതാണ്. അതിനാല്‍ ഗ്രീന്‍ഫീല്‍ഡ് പാത വേണം. അല്ലാത്തിടത്തെല്ലാം നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായി തന്നെയാണ് സില്‍വര്‍ ലൈന്‍ നിര്‍മിക്കുക. ഇതുവഴി റോഡപകടങ്ങള്‍ 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് – മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെപ്പറ്റി വിശദീകരണം നല്‍കിയാലും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം യോഗവേദിയിലേക്ക് പ്രകടനമായെത്തിയ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു.