കാമുകിയുടെ ഭര്‍ത്താവിനെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

കാമുകിയെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ജാര്‍ഖണ്ഡിലെ ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറില്‍ ആണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് സുഷില്‍ മഹാന്തി, മകന്‍ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജിതിന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ ഭാര്യയും വീട്ടില്‍ വാടക്കാരനായി താമസിക്കുന്ന ജിതിന്‍ കുമാറും തമ്മിലുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സുഷില്‍ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സുഷിലിന്റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൊലപാതകം നടന്നതിനെകുറിച്ച് അന്വേഷിക്കുമെന്നും രാജുവിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനക്കാരനായ രാജു വീടിന്റെ ഒരു ഭാഗം കുറച്ചുകാലങ്ങളായി വാടകക്ക് നല്‍കിയിരുന്നു. താമസക്കാരനായ ജിതിന്‍ കുമാര്‍ പിന്നീട് രാജുവിന്റെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു. ഇത് പുറത്തു അറിഞ്ഞത് മുതല്‍ വീട്ടില്‍ നിത്യേന പ്രശ്‌നങ്ങള്‍ ആയിരുന്നു എന്ന് അയല്‍ വാസികള്‍ പറയുന്നു.