കെറെയില്‍ കല്ലിടല്‍ തടഞ്ഞു ; തിരൂര്‍ നഗരസഭ അധ്യക്ഷയ്ക്ക് പോലീസുകാരുടെ മര്‍ദനം ; തിരുവനന്തപുരത്തു ഉദ്യോഗസ്ഥനെ സ്ത്രീകള്‍ അടിച്ചോടിച്ചു

വ്യാപകമായ പ്രതിഷേധം ഉയരുന്ന വേളയിലും കെ റെയില്‍ കല്ലിടലുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്. എതിര്‍ക്കുന്നവരെ പോലീസ് മര്‍ദിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍. തിരൂരില്‍ കെറെയില്‍ പദ്ധതിയ്ക്ക് കല്ലിടാനെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധ്യക്ഷയടക്കം നാട്ടുകാരെ മര്‍ദിച്ചതായി പരാതി. തിരൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഭൂമിയില്‍ കെറെയില്‍ സര്‍വേ കല്ല് ഇടാനെത്തിയ സംഘത്തിന് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം തടയാനെത്തിയ പോലീസുകാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി, ഇതിനിടെ തിരൂര്‍ നഗരസഭാ അധ്യക്ഷ നസീമയ്ക്കടക്കം പോലീസിന്റെ മര്‍ദനം ഏറ്റെന്നാണ് പരാതി.

രണ്ട് വനിതാ പോലീസ് മാത്രമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, ബാക്കിയെല്ലാവരും പുരുഷ പൊലീസുകാരായിരുന്നുവെന്നും ഇവര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ന?ഗരസഭാ ചെയര്‍പേഴ്‌സണ്‍ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പുരുഷ പൊലീസുകാര്‍ തന്നെ വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവര്‍ ആരോപിക്കുന്നു. തിരൂര്‍ ന?ഗരസഭാ സ്റ്റാന്റിം?ഗ് കമ്മിറ്റി ചെയര്‍മാനും പരിക്കേറ്റിട്ടുണ്ട്. ഒരു കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണെന്നും അതിനാല്‍ എങ്ങനെയും നടപ്പിലാക്കുമെന്ന നിലപാടിലാണ് പോലീസെന്നും നസീമ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് കെ റെയിലിന് കല്ലിടുന്നതിനെതിരെ നടക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം മുരുക്കുംപുഴയില്‍ കല്ലിടാന്‍ മതില്‍ ചാടിയെത്തിയ കരാര്‍ ജീവനക്കാരനെ സ്ത്രീകള്‍ തടി കഷണങ്ങളുമായി അടിച്ചു ഓടിച്ചു. മുരുക്കുംപുഴ സ്വദേശി ഫ്രാങ്ക്‌ളിന്‍ പെരേരയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം. മുന്‍വശത്തെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നിട്ടും കല്ലിടാനെത്തിയ ജീവനക്കാരന്‍ പിന്‍വശത്തെ മതില്‍ ചാടിക്കടന്നതും ചില ആംഗ്യ വിക്ഷേപങ്ങള്‍ കാണിച്ചതുമാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. ഈ സമയത്ത് പൊലീസും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ പിടിച്ചു മാറ്റിയതിനാല്‍ അടി കൊള്ളാതെ ജീവനക്കാരന്‍ രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തില്‍ മുരുക്കുംപുഴ തോപ്പുംമുക്ക് സന മന്‍സിലില്‍ നസീറ (55) വീട്ടുമുറ്റത്തു ഉദ്യോഗസ്ഥര്‍ കല്ലിടുന്നതു കണ്ട് കുഴഞ്ഞുവീണു. സമീപത്തുള്ള ഡോക്ടര്‍ എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. രണ്ടു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീടിനു മുന്നിലാണ് കല്ലിട്ടത്. വീട് പൂര്‍ണമായി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍വെയുടെ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ കുറ്റി നാട്ടിയത് കണ്ട് സമീപമുണ്ടായിരുന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ വിവരം ആരാഞ്ഞെത്തിയത് പൊലീസുമായുള്ള വാക്കേറ്റത്തിനു കാരണമായി. അവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. തോപ്പുംമുക്ക് പുത്തന്‍കോവിലിനു സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെ അച്ഛന്‍ ഗോപാലകൃഷ്ണനും പൊലീസുമായുള്ള വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു. കല്ലിടാനെത്തിയ ജീവനക്കാരന്‍ തന്നെ ഹിന്ദിയില്‍ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായതെന്ന് വിമുക്ത ഭടന്‍ കൂടിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി കരിങ്കൊടിയും പിടിച്ചാണ് സമരക്കാര്‍ ഇന്നലെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്. മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുകയാണെന്നും സ്വസ്ഥമായി കഴിഞ്ഞിരുന്ന കുടുംബങ്ങളെ വേര്‍ പിരിക്കുകയാണെന്നും വീട്ടുകാര്‍ പറഞ്ഞു. ഇനി വോട്ടു ചോദിക്കാനായി വരുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരെ കാത്തിരിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു.