വീണ്ടും ചോദ്യം ചെയ്യുവാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് ; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ദിലീപിനോട് അടുത്ത ബന്ധം പുലര്‍ത്തി വന്ന രണ്ട് യുവതികളെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ സീരിയല്‍ നടിയും മറ്റൊരാള്‍ പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളുമാണ്. ദിലീപുമായി വ്യക്തിപരമായി അടുപ്പമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും വ്യാപിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കൂടാതെ, മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കാന്‍ സാധ്യതയുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയല്‍ നടി, സിനിമയില്‍ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം, കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴിനല്‍കാന്‍ നടിക്ക് ഉടനെ നോട്ടീസ് നല്‍കിയേക്കും.
ഈ നടി ഉള്‍പ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി കണ്ടെത്തി. സ്വകാര്യസംഭാഷണത്തിനു പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പങ്കിട്ടതായി സൂചനയുണ്ട്. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ പോയവാരം ചോദ്യം ചെയ്തിരുന്നു. ശങ്കറിനെ കണ്ടെത്താനാകാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സമന്‍സ് ഒഴിവാക്കുകയായിരുന്നു. അതേസമയം മറ്റന്നാള്‍ ഹാജരാകാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപ് അറിയിച്ചു.