വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി

വധ ഗൂഢാലോചന കേസില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് പ്രൊസിക്യൂഷനോട് ഹൈക്കോടതി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.

അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്രൈം ബ്രാഞ്ച് സംഘം ദിലീപിനെ ചോദ്യം ചെയ്തത് 16 മണിക്കൂറോളമാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്ന് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു. ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്ന് കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലിനിടെ ദിലീപ് അവകാശപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയുടെ ഭാഗം. കോടതിയില്‍ തിരിച്ചടി ഉണ്ടായപ്പോഴാണ് ബാലചന്ദ്രകുമാര്‍ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. ബാലചന്ദ്ര കുമാറിന് മറുപടിയില്ല, താന്‍ ഇതിനുള്ള മറുപടി കോടതിയില്‍ നല്‍കുമെന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ സൈബര്‍ വിദഗ്ധനായ സായി ശങ്കറിനെ ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ഫോണ്‍ ഹാങ് ആവാതെയിരിക്കാന്‍ താന്‍ തന്നെയാണ് ചാറ്റുകള്‍ ഡീലിറ്റ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു.