ഇന്ത്യയെ പുകഴ്ത്തി അമേരിക്കയെ വിമര്‍ശിച്ചു ഇമ്രാന്‍ ഖാന്‍

രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന പാക്കിസ്ഥാനില്‍ ഇന്ത്യയെ പുകഴ്ത്തിയും അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയാണ് ഇമ്രാന്‍ ഖാന്‍ വാനോളം പുകഴ്ത്തിയത്. എന്നാല്‍ അമേരിക്കയെന്ന് പറഞ്ഞ ശേഷം വിദേശ ശക്തി എന്ന് തിരുത്തിയായിരുന്നു അമേരിക്കയ്ക്ക് നേരെയുള്ള വിമര്‍ശനം. ഇന്ത്യക്ക് സ്വതന്ത്രമായ ഒരു നിലപാട് വിദേശ ബന്ധങ്ങളുടെ കാര്യത്തില്‍ ഉണ്ടെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണ്-അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഖാന്‍ പറഞ്ഞു.

രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെയാണ് ഖാന്‍ സൂചിപ്പിച്ചത്.പാകിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രാജ്യതാത്പര്യത്തിനെതിരായി നില്‍ക്കുന്നു. ഇതിന് കാരണം അവരുടെ വന്‍കിട നിക്ഷേപങ്ങള്‍ അമേരിക്കന്‍ ബാങ്കുകളിലാണെന്നും ഖാന്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ നീക്കം നടന്നുവെന്നും സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പാകിസ്ഥാനിലെ കാബിനറ്റ് മന്ത്രി ഫവാദ് ചൗദരി ട്വീറ്റ് ചെയ്തു.