കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തുന്നു ; ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ വിചാരണ കോടതി. തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന പരാതിയില്‍ കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് വിശദീകരണം തേടി. ഏപ്രില്‍ 18ന് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. ബൈജു പൌലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ നിര്‍ണ്ണയക നീക്കവുമായി ക്രൈംബ്രാഞ്ച് രംഗത്തെത്തി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യവ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കോടതിയെ അറിയിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. ബന്ധുക്കള്‍ വഴിയും സിനിമാ താരങ്ങള്‍ വഴിയും സ്വാധീനം ചൊലുത്തിയതായും അന്വേഷണസംഘം പറയുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് ദിലീപിന് ജാമ്യം നല്‍കുമ്പോള്‍ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം പരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കങ്ങള്‍. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് ആരോപിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുവെന്ന് സുരാജ് കോടതിയെ അറിയിച്ചു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സുരാജ് ഹര്‍ജിയില്‍ ആരോപിച്ചു.

അതേസമയം കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി?ഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനും സഹോദരന്‍ അനൂപിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കാവ്യ മാധവന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കാന്‍ ക്രൈംബ്രാഞ്ച് അല്പ സമയം മുമ്പ് യോ?ഗം ചേര്‍ന്നിരുന്നു. കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യമാണ് ഭാര്യയായ കാവ്യ ഉന്നയിക്കുന്നത്. ഹാജരാകേണ്ട സ്ഥലം കാവ്യയെ ഉടന്‍ അറിയിക്കും.