ദിലീപിനു പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ തലത്തിലും മാധ്യമ തലത്തിലും ആക്രമണം നേരിടുന്ന സിനിമാ താരം ദിലീപിന് പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ദിലീപിനെ പിന്തുണച്ച് തെരുവിലിറങ്ങുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ആണായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് ജനപ്രിയ നടനെ മനപൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്ന് എകെഎംഎ നേതാവ് അജിത് കുമാര്‍ ആരോപിച്ചു. ഒരു പുരുഷന്‍ പീഡിപ്പിക്കപ്പെടുന്നു എന്നതിനെതിരെയാണ് എകെഎംഎ ഇടപെടുന്നത്. മെയ് നാലിന് ദിലീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റേയും ‘മാധ്യമ അജണ്ട മറികടന്ന് വിധി പ്രസ്താവിച്ച ജഡ്ജി’യുടേയും കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തും. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാലചന്ദ്ര കുമാറിന്റെയും ചാനല്‍ ചര്‍ച്ചയില്‍ വരുന്ന മറ്റ് ചിലരുടേയും കോലം കത്തിക്കുമെന്നും അജിത് കുമാര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഒരു കാരണവശാലും കേരളത്തില്‍ ദിലീപ് ഒറ്റപ്പെട്ട മനുഷ്യനല്ല എന്നും അദ്ദേഹത്തിനൊപ്പം ഒരു വലിയ പിന്തുണയുണ്ട് എന്നറിയിക്കാനും വേണ്ടിയാണ് ഈ മാര്‍ച്ചെന്ന് എംകെഎംഎ പ്രസ്താവിച്ചു. ജനങ്ങള്‍ മാധ്യമങ്ങളുടെ വാക്ക് കേട്ട് അവരാണ് വിധികര്‍ത്താവ് എന്ന നിലയിലാണ് ഇടപെടുന്നത്. എന്നാല്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ്. നാലുപാടും നിന്ന് ഒരു പുരുഷന്‍ എന്ന ഒറ്റക്കാരണം കൊണ്ട് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപിന്റെ കേസ് നെഗറ്റീവ് ആയാണ് മീഡിയ ആഘോഷിക്കുന്നത്. പക്ഷെ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നും ദിലീപിനൊപ്പമാണ് എന്ന് മറക്കരുത് എന്നും എകെഎംഎ അവകാശപ്പെട്ടു.

സമരം നടത്താന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. ഒരു പക്ഷെ, ഇങ്ങനെയൊരു സമരം ലോകത്തില്‍ ആദ്യമായിരിക്കും. കാരണം പുരുഷന്‍മാര്‍ക്ക് അനുകൂലമായി വിധി പറയാന്‍ ജഡ്ജിമാര്‍ പേടിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. മാധ്യമങ്ങള്‍ കൂടെണ്ടെങ്കില്‍ ഇന്ന് എല്ലാവര്‍ക്കും എന്തും ആകാമെന്ന അവസ്ഥയാണ്. ഫാന്‍സുകാര്‍ ഇങ്ങനെ ഒരു സമരം നടത്തിക്കഴിഞ്ഞാല്‍ അത് ദിലീപ് പറഞ്ഞിട്ടാണ് എന്നുവരും. വേറെ ഒരുപാട് ബലാത്സംഗള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതിലൊന്നുമില്ലാത്ത പ്രത്യേകത എങ്ങനെ ദിലീപിന്റെ കേസിലുണ്ടായി. ദിലീപ് ഒരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തതായി അറിയില്ല. പക്ഷെ, അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ വേണ്ടി കേസുകള്‍ വീണ്ടും വീണ്ടും നീട്ടുകയാണെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആരോപിച്ചു.

എന്നാല്‍ അതിനെ തെറ്റിക്കുന്ന രീതിയില്‍ ഇത് നടക്കില്ല എന്നും പല ഭാഗത്തു നിന്നും, പ്രത്യേകിച്ച് പൃഥ്വിരാജിന്റെ ആള്‍ക്കാര്‍ എന്നൊക്കെ പറഞ്ഞ് കുറച്ചു പേര്‍ ഗ്രൂപ്പിലൊക്കെ കയറിയിട്ടുണ്ട്. പൃഥ്വിരാജ് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല. ഈ ഊളത്തരങ്ങള്‍ ഒന്നും ഇങ്ങോട്ടു വേണ്ട. ഇതി ഞങ്ങള്‍ കുറെ കണ്ടതാണ്. നിങ്ങള്‍ പൃഥ്വിരാജിന്റെ ആള്‍ക്കാരാണെങ്കില്‍ പൃഥ്വിരാജിന് നാളെ ഒരു പെണ്ണുകേസ് ഉണ്ടാകാന്‍ വലിയ താമസം ഒന്നും വേണ്ട. അതിനു അദ്ദേഹം ഒരു തെറ്റ് ചെയ്യണമെന്നുമില്ല. അപ്പോഴും ഓള്‍ കേരളം മെന്‍സ് അസോസിയേഷന്‍ ഒരു നിക്ഷ്പക്ഷ നിലപാടായിരിക്കും എടുക്കുന്നത് എന്നും അദ്ദേഹം പറയുന്നു.