പൈലറ്റ് ക്ഷാമം ; അമേരിക്കയില്‍ വിമാനക്കമ്പനികള്‍ ബസ് സര്‍വീസിലേക്ക്
പൈലറ്റ് ക്ഷാമം അതിരൂക്ഷമായതോടെ ഹൃസ്വദൂര യാത്രകള്‍ക്ക് വിമാനത്തിന് പകരം ബസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ വിമാനക്കമ്പനികള്‍. വിമാനത്തേക്കാള്‍ ലാഭകരവും എളുപ്പവും ബസ് സര്‍വീസ് ആണെന്ന തിരിച്ചറിവിലാണ് തീരുമാനം. ജൂണ്‍ മൂന്നു മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ അമേരിക്കന്‍ എയര്‍ലൈന്‍സും, യുനൈറ്റഡ് എയര്‍ലൈന്‍സുമാണ് യാത്രക്കാരെ എത്തിക്കുന്നതിന് ബസ് സര്‍വീസ് കമ്പനികളെ ആശ്രയിച്ചിരിക്കുന്നത്. ഇരുവരും ലാന്‍ഡ്ലൈന്‍ എന്ന ബസ് സര്‍വീസ് കമ്പനിയുമായി കരാറിലെത്തി.
ഫിലഡെല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് 73 മൈല്‍ അകലെയുള്ള അലന്‍ടൗണ്‍ (പെന്‍സില്‍വാനിയ), 56 മൈല്‍ അകലെയുള്ള അറ്റ്ലാന്റിക് സിറ്റി (ന്യൂജേഴ്സി) എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് കരാര്‍. ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രെക്കന്റിജ്, ഫോര്‍ട് കൊളിന്‍സ് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസ്. ഇരു വിമാനക്കമ്പനികളുമായുള്ള കരാറിലൂടെ 28 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായും ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനായി ഉപയോഗിക്കുമെന്നും ലാന്‍ഡ്ലൈന്‍ അറിയിച്ചു. അതിനിടെ രാജ്യവ്യാപക ക്ഷാമത്തിനിടയില്‍ പൈലറ്റുമാരെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് യു.എസ് എയര്‍ലൈനുകള്‍.