ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍
ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘാന സംരക്ഷണം നല്‍കുന്നില്ല.കോടതികളെയും മന്ത്രി വിമര്‍ശിച്ചു.മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.
അതേസമയം വാര്‍ത്ത വളച്ചൊടിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍. മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ താന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്’- സജി ചെറിയാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.