ആര്‍ച്ച് ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്ന് വിമത വിഭാഗം ; സിറോ മലബാര്‍ സഭാ തര്‍ക്കം കൈയ്യാങ്കളിയിലേക്ക്
കൈയ്യാങ്കളിയിലേക്കും ഭീഷണിയിലേയ്ക്കും നീങ്ങി സിറോ മലബാര്‍ സഭാ തര്‍ക്കം. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി വിമത പക്ഷം ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതര്‍ അധിക്ഷേപിച്ചു. എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാകുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വിശ്വാസ സംരക്ഷണ സംഗമത്തില്‍ വിമത വിഭാഗം അവതരിപ്പിച്ച പ്രമേയം കൈമാറാനാണ് എന്ന പേരിലാണ് ഒരു സംഘം ആളുകള്‍ ബിഷപ്പ് ഹൗസില്‍ എത്തിയത്. എന്നാല്‍ സംഭാഷണം പിന്നീട് ഭീഷണിയും അധിക്ഷേപവുമായി മാറുകയായിരുന്നു.
സ്ഥാനമൊഴിഞ്ഞതിനുശേഷം ബിഷപ്പ് ആന്റണി കരിയല്‍ അതിരൂപതയ്ക്ക് നല്‍കിയ കത്ത് പിന്‍വലിക്കണമെന്ന് ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു എന്നാണ് വിമതരുടെ ആക്ഷേപം. ഇതിനായി ചാലക്കുടിയില്‍ ആന്റണി കരിയല്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നേരിട്ട് ചെന്നുവെന്നും ഇവര്‍ പറയുന്നു. കത്ത് പിന്‍വലിക്കണം എന്ന് ഭീഷണിയുടെ സ്വരത്തിലാണ് ആവശ്യപ്പെട്ടത് .ഇല്ലായെങ്കില്‍ അതിന്റെ വരും വരായ്കകള്‍ ഗുരുതരമാകും എന്നും ആര്‍ച്ച് ബിഷപ്പ് താഴത്ത് പറഞ്ഞതായും വിമതര്‍ കുറ്റപ്പെടുത്തി.
ഇത് ചോദ്യം ചെയ്യേണ്ടതാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിമത വിഭാഗം. ആന്‍ഡ്രൂസ് താഴത്തിനോട് സംസാരിക്കുന്നതിനിടെ വിമത വിഭാഗം നേതാക്കളില്‍ പലരുടെയും നിയന്ത്രണം വിട്ടു. മര്യാദയ്ക്ക് അല്ലെങ്കില്‍ കാല് തല്ലിയൊടിക്കും എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭീഷണിപ്പെടുത്തല്‍ ഉണ്ടായി. ആരെയും അറിയിക്കാതെ രഹസ്യമായാണ് ബിഷപ്പ് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല ഏറ്റെടുത്തതെന്നും ഇവര്‍ പറയുന്നു. ഗുണ്ടാ നേതാവിനെ പോലെയാണ് ആന്‍ഡ്രൂസ് താഴത്തിന്റെ പെരുമാറ്റം എന്നും വിമതര്‍ കുറ്റപ്പെടുത്തി.
ചോദ്യം ചെയ്യലിന്റെയും ഭീഷണിയുടെയും എല്ലാം മൊബൈല്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വത്തിക്കാന്‍ ഉത്തരവ് പ്രകാരം പുതിയ ചുമതലക്കാരന്‍ എത്തിയിട്ടും എറണാകുളം അങ്കമാലി അതിരൂപതയില്‍ കാര്യങ്ങള്‍ ഒട്ടും സുഗമമല്ല. വരും ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. അതേ സമയം വിമതര്‍ അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തിയപ്പോള്‍ ബിഷപ്പ് ഹൗസിന്റെ ഭരണ ചുമതലയിലുള്ള വൈദികര്‍ നോക്കി നിന്നെന്നും പോലീസിനെ വിളിച്ചില്ലെന്നും കര്‍ദിനാള്‍ അനുകൂലികള്‍ ആരോപിച്ചു.