ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു ; രാജി അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസം
ജനാഭിലാഷം പാലിക്കാനായില്ലെന്നു കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ പ്രതിപക്ഷത്തുനിന്ന് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടന്‍ ഇപ്പോള്‍.
അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി. ബ്രെവര്‍മാന്റെ രാജിക്ക് തൊട്ടുമുമ്പായി ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടനും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത്.