കോടീശ്വരന്മാരായ തെരുവ് നായ്ക്കള്‍ ഉള്ള ഒരു നാട് ; അതും നമ്മുടെ ഇന്ത്യയില്‍
തെരുവ് നായ്ക്കള്‍ കാരണം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരം പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന സമയം ആണ് ഇപ്പോള്‍. നായ്ക്കള്‍ ഒരു സമൂഹ ശല്യം ആണ് കേരളത്തില്‍. ഇവിടെ മാത്രമല്ല പല സ്ഥലത്തും ഇതാണ് അവസ്ഥ. എന്നാല്‍ കോടീശ്വന്‍മാരായ തെരുവ് നായ്ക്കള്‍ ഉള്ള ഒരു നാടും നമ്മുടെ രാജ്യത്തു ഉണ്ട്. ഗുജറാത്തില്‍ ആണ് ഇങ്ങനെ ഒരു സ്ഥലം. ഗുജറാത്തിലെ കുഷ്‌കല്‍ ഗ്രാമത്തിലാണ് ഇങ്ങനെ ഒരു പ്രത്യേകത. തെരുവിലെ നായകള്‍ക്ക് സമയാസമയം ഭക്ഷണം നല്‍കാന്‍ ആളുകള്‍ സദാ സജ്ജരാണ്. നായകള്‍ക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകള്‍ക്ക് ഗ്രാമത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഇതിനെല്ലാം പിന്നില്‍ രസകരവും ചരിത്രപരവുമായ ഒരു കാരണമുണ്ട്.
ഏകദേശം 200 നായകളാണ് കുഷ്‌കല്‍ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവില്‍ കണ്ടാല്‍ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്. പാലന്‍പുരിലെ കുഷ്‌കല്‍ ഗ്രാമം സ്വാതന്ത്രലബ്ദിക്ക് മുന്‍പ് നവാബ് ഭരണത്തിന്‍ കീഴിലായിരുന്നു. ആ സമയത്ത് ഗ്രാമവാസികളുടെ ഉപജീവനത്തിനായി ഭരണാധികാരി കുറച്ച് ഭൂമി വിതരണം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ബുദ്ധിയും ശക്തിയും ഉള്ളതിനാല്‍ എങ്ങനെയെങ്കിലും ഭക്ഷണം നേടാനാകും എന്നാല്‍ പാവം തെരുവുനായകളുടെ കാര്യം കഷ്ടമല്ലേ എന്ന് ഗ്രാമവാസികളില്‍ ചിലര്‍ ചിന്തിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ നവാബിന്റെ കൂടി അറിവോടെ അവര്‍ 20 ബിഗാസ് കൃഷിഭൂമി മാറ്റിവച്ചു. ആ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നായകളുടെ ക്ഷേമത്തിനായി മാത്രമേ ചെലവഴിക്കൂ എന്നും ധാരണയായി. ഇത് ഗ്രാമവാസികള്‍ ഒരു ആചാരം പോലെ ഇന്നും പാലിച്ചുവരികയാണ്.