ആരോഗ്യത്തിന്റെ രഹസ്യം നാട്ടുകാരുടെ തെറിവിളി എന്ന് മോദി ; ‘ദിവസേന കഴിക്കുന്നത് രണ്ടു മൂന്നു കിലോ തെറി
പ്രതിപക്ഷ നേതാക്കളില്‍ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക് ലഭിക്കുന്നത് എന്നും താന്‍ അവയെ പോഷകങ്ങളായിട്ടാണ് ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചിലര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നെ അധിക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇതൊന്നും എനിക്ക് പ്രശ്‌നമല്ല. ഈ തന്ത്രങ്ങളില്‍ നിങ്ങള്‍ വഴിതെറ്റിപ്പോകരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ – മോദി പറഞ്ഞു. ‘ആളുകള്‍ എന്നോട് ചോദിക്കുന്നു, ഞാന്‍ തളര്‍ന്നില്ലേ? ദിവസവും എനിക്ക് 2-3 കിലോ വരെ മോശം വാക്കുകള്‍ ലഭിക്കുന്നു, എന്നാല്‍ ഞാന്‍ അതിനെ പോഷകാഹാരമായി മാറ്റുന്നു’ – മോദി കൂട്ടിച്ചേര്‍ത്തു.
‘എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കില്‍, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക. പക്ഷേ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിക്കാമെന്ന് പ്രതിപക്ഷം കരുതുന്നുവെങ്കില്‍, അത് വെച്ചുപൊറുപ്പിക്കില്ല’ – മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി പറഞ്ഞു.ബിജെപി ഭരണം ലക്ഷ്യമിടുന്ന തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെതിരെ പരിഹാസരൂപേണ പ്രധാനമന്ത്രി വിമര്‍ശിച്ചു. അഴിമതിയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയേയും അടിസ്ഥാനമാക്കിയായിരുന്നു മോദിയുടെ വിമര്‍ശനം. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം എന്ന് കെസിആറിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.