ദൃശ്യം 2 മലയാളത്തിനെക്കാള്‍ നല്ലത് സോണിയിലെ സിഐഡി സീരിയല്‍ ; കെ ആര്‍ കെ

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അഭിനയിച്ചു ott വഴി റിലീസ് ആയ സിനിമയായ ‘ദൃശ്യം 2’ന് വിമര്‍ശനവുമായി ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ(കമാല്‍ ആര്‍ ഖാന്‍). ദൃശ്യം 2 വിനേക്കാള്‍ നൂറ് മടങ്ങ് മെച്ചമാണ് സോണി ടെലിവിഷനിലെ സിഐഡി സീരിയല്‍ എന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ഒരു സ്റ്റാര്‍ മാത്രമേ ചിത്രത്തിന് നല്‍കാനാകൂ എന്നും കെആര്‍കെ പറയുന്നു. ‘ദൃശ്യം 2’ന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നതിനിടെ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമില്‍ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആര്‍കെ.

”സിനിമയുടെ അവസാന 30 മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടമായേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാല്‍ എല്ലാ പൊലീസ് ഓഫീസര്‍മാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങള്‍ സംവിധായകന്‍ ഒഴിവാക്കണം”, എന്ന് കെആര്‍കെ ട്വീറ്റ് ചെയ്യുന്നു.’മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും ദൃശ്യം 2 ഹിന്ദി. എത്ര ഇഴഞ്ഞാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. വളരെ മോശം. പുതിയ ഇന്‍സ്‌പെക്ടര്‍ എത്തുന്നതുവരെയുള്ള രംഗങ്ങള്‍ സഹിക്കാന്‍ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറില്‍ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറില്‍ ചിത്രത്തില്‍ ഒന്നും തന്നെയില്ല”, എന്ന് കെആര്‍കെ മറ്റൊരു ട്വീറ്റില്‍ കുറിക്കുന്നു. നേരത്തെ മോഹന്‍ ലാലിനെ പരിഹസിച്ചു ട്വിറ്റ് ഇട്ടതിന്റെ പേരില്‍ മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയ ചരിത്രവും ഇദ്ദേഹത്തിന് ഉണ്ട്.