50 കോടിയിലേറെ വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഒരു മെസേജിങ് സംവിധാനം ആണ് വാട്‌സ് ആപ്പ്. വേറെ പല ആപ്പുകളും ഉണ്ട് എങ്കിലും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം വാട്‌സാപ്പ് ആണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഏകദേശം 500 മില്യണ്‍ വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ അടങ്ങിയ ഒരു ഡാറ്റാബേസ് ഒരു അജ്ഞാത വില്‍പ്പനക്കാരന്‍ ഒരു ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തില്‍ വില്‍പ്പനയ്ക്കെത്തിച്ചതായി ഇപ്പോള്‍ ഒരു സമീപകാല റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയുള്‍പ്പെടെ 84 വ്യത്യസ്ത രാജ്യങ്ങളിലെ സജീവ വാട്‌സാപ്പ് ഉപയോക്താക്കളുടെ 487 ദശലക്ഷം ഫോണ്‍ നമ്പറുകള്‍ ഡാറ്റാബേസില്‍ അടങ്ങിയിട്ടുണ്ടെന്ന് സൈബര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളില്‍ നാലിലൊന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ചതായി ഡാറ്റാബേസ് അവകാശപ്പെടുന്നു. യുഎസ് (32 ദശലക്ഷം ഉപയോക്താക്കള്‍), യുകെ (11 ദശലക്ഷം ഉപയോക്താക്കള്‍), റഷ്യ (10 ദശലക്ഷം ഉപയോക്താക്കള്‍), ഇറ്റലി (35 ദശലക്ഷം ഉപയോക്താക്കള്‍), സൗദി അറേബ്യ (35 ദശലക്ഷം ഉപയോക്താക്കള്‍) ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വില്‍പ്പനക്കാരന്‍ പങ്കിട്ട പോസ്റ്ററില്‍ കുറിക്കുന്നു.
ഇത്രയധികം സജീവമായ വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ എങ്ങനെയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. ”സ്‌ക്രാപ്പിംഗ്” എന്നറിയപ്പെടുന്ന ഒരു പ്രക്രിയ ഉപയോഗിച്ച് വില്‍പ്പനക്കാരന്‍ മുഴുവന്‍ ഡാറ്റാബേസും ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം ഒരു പ്രക്രിയയില്‍, ഡാറ്റ ശേഖരിക്കുന്നത് വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നാണ്, അല്ലാതെ ഒരു ഹാക്ക് വഴിയോ മറ്റേതെങ്കിലും സൈബര്‍ ആക്രമണത്തിലൂടെയോ അല്ല. ഇതിനര്‍ത്ഥം, ആ ഡാറ്റയെല്ലാം ശേഖരിക്കാന്‍ ഹാക്കര്‍ വാട്‌സാപ്പിനെതിരെ സൈബര്‍ ആക്രമണം വിന്യസിച്ചിരിക്കില്ല. പക്ഷേ വെബ് പേജുകളില്‍ നിന്ന് ഈ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിട്ടുണ്ടാകാം. ഈ നമ്പറുകള്‍ വാട്‌സാപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഴുവന്‍ ഡാറ്റാബേസും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും വില്‍പ്പനക്കാരന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.









