അവതാര്‍ 2 റിലീസ് അനിശ്ചിതത്വത്തില്‍ ; സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിയോക്ക്
സിനിമാ പ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമയാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ 2 എന്ന ചിത്രം. അവതാര്‍ എന്ന മഹത്തരമായ കലാസൃഷ്ടിയുടെ രണ്ടാം ഭാഗം അടുത്ത മാസം ആണ് റിലീസ് ആകുന്നത്. എന്നാല്‍ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. അവതാര്‍ 2 മിനിമം മൂന്നാഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാര്‍ ആദ്യഭാഗം 50.50 ധാരണ പ്രകാരം ആണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അഡ്വാന്‍സ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തില്‍ അവതാര്‍ 2 അണിയറ പ്രവര്‍ത്തകുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് വ്യക്തമാക്കി.
ഡിസംബര്‍ 16-ന് ആണ് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല.