കണ്ണീര്‍ ഭൂമിയായി തുര്‍ക്കി: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു

അസ്മാരിന്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു. 6,000ലധികം കെട്ടിടങ്ങള്‍ നിലംപൊത്തി. 20,000ലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അതീവ ശ്രമം നടത്തുകയാണ്.

വടക്കന്‍ സിറിയയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ സഹായത്തിനായി അപേക്ഷിക്കുന്നെണ്ടെങ്കിലും സഹായം എത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് തുര്‍ക്കിയില്‍ 3419 പേരും സിറിയയില്‍ 2044 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും അന്താരാഷ്ട്ര സഹായ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ്, യുഎന്‍, ഇയു, നാറ്റോ, യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.

24,400-ലധികം റീലീഫ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി AFAD അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറഞ്ഞു.

തുര്‍ക്കി സിറിയന്‍ അതിര്‍ത്തി മേഖലയിലുണ്ടായ തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗാസിയാന്‍ടെപ്പിന് സമീപം ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.