വിദേശവാസത്തിന് പോകുന്ന യുവാക്കളോട് രണ്ട് വാക്ക്: എബ്രഹാം കുരുട്ടുപറമ്പില്‍. വിയന്ന
ആഗ്രഹങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുന്ന സ്വന്തം നാട്ടില്‍ നിന്നും രക്ഷപ്പെട്ടു, വിദേശത്തേക്ക് പോകുന്ന യുവാക്കളെ, ചതിയില്‍ പെടാതിരിക്കുക. അസന്മാര്‍ഗിക ലോകത്ത് അകപെടാതിരിക്കുക… കഷ്ടപ്പെട്ട് മുടക്കിയ പണവും അഭിമാനവും നഷ്ടമാക്കരുത്!
വിദേശ ജോലിക്കും, പഠനത്തിനും പോകുന്നതിനുള്ള മാര്‍ഗ്ഗങ്ങളും, ഏജന്‍സികളും ഇന്ന് കൂണുമുളക്കുന്നതു പോലെ പൊന്തിവരുന്നു. ശോഭനമായ ഭാവിപ്രതീക്ഷകളുമായി ഏജന്‍സിയുടെ എടുത്ത് എത്തുന്ന ഉദ്യോഗാര്‍ത്ഥികളും, വിദ്യാര്‍ത്ഥികളും, മറ്റ് ഭൂരിപക്ഷം ആള്‍ക്കാരും, രക്ഷപ്പെടുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ. പക്ഷേ, ചിലരെങ്കിലും കപട ഏജന്‍സികളുടെ വാക്കുകള്‍ കേട്ട് ചതിയില്‍ വീഴുന്നു.
യൂറോപ്പില്‍ എത്താന്‍, വാഗ്ദാനങ്ങള്‍ നല്‍കി, മലയാളി ഏജന്റിന്റെ പണം വെട്ടിപ്പ് മുതല്‍, വ്യാജ വിസയും, അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റിയും, ഒരു വര്‍ഷത്തെ വര്‍ക്ക് വിസയില്‍ എത്തി, ജോലി തുടങ്ങി കഴിഞ്ഞ് , നാലുമാസത്തിനു ശേഷം, ജോലി നഷ്ടപ്പെടുന്ന അവസ്ഥയും, ഓരോ ദിവസവും നാം കാണുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍പോലും, പ്രത്യേകിച്ച് ഗള്‍ഫിലും, ഇറ്റലിയിലും, ജോലി ചെയ്യുന്നവരുടെ മക്കളും, സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍പോലും, ഇത്തരം ചതിയില്‍ പെട്ട്, ലക്ഷങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നത് കാണാവുന്നതാണ്.
ഇങ്ങനെ ചതിയില്‍ പെടുന്നവരുടെയും, വിദേശത്ത് എത്തി, അസന്മാര്‍ഗികജീവിതത്തില്‍ പെടുന്നവരുടെയും അനുഭവം പങ്കുവയ്ക്കാന്‍, മാതാപിതാക്കളും, ഇത് അനുഭവിച്ചവരും, തങ്ങള്‍ക്കുപറ്റിയ മണ്ടത്തരം അറിയിക്കേണ്ട എന്ന് കരുതി, മാനഹാനിഭയന്ന് മറച്ചുപിടിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് മുമ്പ് സഞ്ചാരം ടിവിയില്‍ ലോകം കറങ്ങി പല അറിവുകളും സമ്പാദിച്ച ജോര്‍ജ് കുളങ്ങര പറഞ്ഞ ഒരു കാര്യമുണ്ട്. അടുത്ത 25 വര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധജനങ്ങളുടെ നാട് ആകുമെന്ന്… നമ്മള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്.. യൂറോപ്പിലും അമേരിക്കയിലും ഒക്കെ യാത്ര ചെയ്തു കണ്ടുമനസ്സിലാക്കിയ കാര്യങ്ങളാണ് ജോര്‍ജ് കുളങ്ങരയേപോലുള്ളവര്‍ പറയുന്നത്.
യൂറോപ്പില്‍ പല രാജ്യങ്ങളും ഇന്ന് നേരിടുന്ന പ്രശ്‌നം വൃദ്ധജനങ്ങളുടെ പരിരക്ഷയാണ്. അതുകൊണ്ടുതന്നെയാണ്, ജര്‍മ്മനി, ബെല്‍ജിയം, യുകെ, ഓസ്ട്രിയ, മുതലായ രാജ്യങ്ങളിലേക്ക് കെയര്‍ വിസയിലും, നേഴ്‌സിങ് വിസയിലും ഒക്കെ ആള്‍ക്കാര്‍ പോകുന്നത്. നമ്മുടെ തറവാടിത്തത്തിന്റെ പ്രതീകമായിരിക്കുന്ന, പല മണിമാളികളും ഇന്ന്, കേരളത്തില്‍, പ്രേതാലയം പോലെ കാടുപിടിച്ച് ആരുമില്ലാതെ കിടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കൈപ്പുഴയിലും, ഉഴവൂരും കണ്ണങ്കരയും, കടുത്തുരുത്തിയിലും, ചുങ്കത്തും ഒക്കെ, ചുറ്റിക്കറങ്ങുമ്പോള്‍ നാം കാണുന്നത് നമ്മുടെ വീടുകളൊക്കെ ശൂന്യമാണ് എന്നുള്ളതാണ്… ഒന്നോ രണ്ടോ പ്രായമുള്ളവര്‍ മാത്രം, നായ്ക്കളുടെ കാവലില്‍ കഴിയുന്ന രാജ്യമായി കേരളം മാറിക്കഴിഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിക്ക് പോകാനുമുള്ള വിവിധതരം കോഴ്‌സുകളും, പോംവഴികളുമായി, പത്രമാധ്യമങ്ങളില്‍ ധാരാളം വാര്‍ത്തകള്‍ കാണാം. പ്ലസ് ടു കഴിഞ്ഞിറങ്ങിയാല്‍, പോകേണ്ട സ്ഥലങ്ങളെപ്പറ്റിയും, പഠിക്കേണ്ട കോഴ്‌സിനെ പറ്റിയും ഉള്ള ചിന്തകളാണ് നമ്മുടെ യുവതീ-യുവാക്കളുടെ മനസ്സില്‍. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവകാശങ്ങളും ആഗ്രഹങ്ങളും ഹനിക്കപ്പെടുന്ന കേരളത്തില്‍ നിന്നും, എങ്ങനെയെങ്കിലും രക്ഷപ്പെടുക… ഇവിടെ അര്‍ഹതപ്പെട്ടവര്‍ക്കും, യോഗ്യത ഉള്ളവര്‍ക്കും ജോലി സാധ്യതകള്‍ നിരസിക്കുകയാണ്. ഇതിനുമുന്‍പ് ജോലിക്കായി, ഗള്‍ഫിലും, അമേരിക്കയിലും, യൂറോപ്പിലും ഒക്കെ പോയവരാണ് കേരളത്തെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഇന്ന് ചെറുപ്പക്കാര്‍ പഠിക്കാനായി രാജ്യം വിടുന്നു. കേരളത്തില്‍ ചെറുപ്പക്കാരുടെ ഭാവി നിശാശജനകമാണ് എന്ന് ജനം തിരിച്ചറിയുന്നു. നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ നിലവാരും അധ:പതച്ചു. പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടില്ല എന്ന ഇച്ഛാഭംഗം, രാഷ്ട്രീയക്കാരുടെ ഇഷ്ടഭാജനങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന കുറെ ജോലികള്‍! രാഷ്ട്രീയ-വര്‍ഗ്ഗീയ വിഘടനം. കേരളത്തിലെ ജീവിതം നിരാശാജനകമാകുമ്പോള്‍, ചെറുപ്പക്കാര്‍ പുറത്തേക്ക് പോകുന്നത് സ്വാഭാവികം.
പക്ഷെ, വിദേശങ്ങളിലേക്ക് കടക്കുന്ന ചെറുപ്പക്കാരോട് ചിലത് പറയാനുണ്ട്! ഒന്ന് അമിതാവേശം കാണിച്ച വേണ്ടപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താതെ, വേണ്ട രീതിയില്‍ പരിശോധനകള്‍ നടത്താതെ, ലക്ഷങ്ങള്‍ ക്യാഷ് ആയി, ഏജന്റിന് കൊടുത്ത് വിസ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പലരും കെണിയില്‍ പെടുന്നുണ്ട്. നമ്മള്‍ ഇടപെടുന്ന ഏജന്റ് വിശ്വസ്തന്‍ ആണോ എന്ന് അറിയാന്‍ രജിസ്‌ട്രേഷനും, സര്‍ക്കാര്‍ അനുമതികളും ഒക്കെ പരിശോധിക്കേണ്ടതാണ്. ചെക്ക് ആയോ, ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലാതെയോ, ക്യാഷ് ആയി ലക്ഷങ്ങള്‍ കൈയ്യില്‍വാങ്ങുന്ന ഏജന്‍സികള്‍ എല്ലാം തന്നെ തട്ടിപ്പാണ് എന്നുള്ളത് നമുക്ക് കാണാന്‍ സാധിക്കും.. യൂറോപ്പില ചില രാജ്യങ്ങളിലേക്ക്, പോകുന്നതിനായി തട്ടിപ്പില്‍ പെടുന്നുണ്ട്. സീസണല്‍ ജോബ് വീസായും, സ്റ്റുഡന്റ് വീസായും, ചില രജ്യങ്ങളില്‍ കൊടുക്കുന്നുണ്ട്. അത് കൂടുതലും IT, ഹോട്ടല്‍ മാനേജ്‌മെന്റ് മേഘലയില്‍ ആണ്.. സീസന്‍ കഴിയുമ്പോള്‍ തിരിച്ചു പോകണം… പല കടലാസ് കമ്പനികളിലും, ഒരു വര്‍ഷത്തെ ജോബ് വിസവരെ കിട്ടി, മൂന്നോ നാലോ മാസം കഴിഞ്ഞ്, ജോലിയില്ലാതെ അലഞ്ഞു തിരിയുന്ന ചിലരെയൊക്കെ യൂറോപ്പില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ നഷ്ടമായത് ലക്ഷങ്ങളുടെ തുകയാണ്.
മാള്‍ട്ടാ, ചെക്ക്, പോളണ്ട് മുതലായ രാജ്യങ്കളില്‍, ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നതിലും ഇരട്ടി ജോബ് വിസ (Seasonal visa) നല്‍കി, ഉക്രയില്‍, റഷ്യ, മുതലായ രാജ്യങ്ങളില്‍ ട്രാവല്‍ ഏജന്‍സി ഉള്ള മലയാളി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട്, വിദേശത്ത് എത്തി, പ്രശ്‌നത്തിലായ പലരും ഉണ്ട്.
പഴയ ഈസ്റ്റ് യൂറോപ്പിന്‍ രാജ്യങ്ങളില്‍ വഴി (റഷ്യ, ഹങ്കറി ജോര്‍ജിയ, ബലാറുസ്, etc), പോര്‍ച്ചുഗലിനും, ഇറ്റലിക്കും, സ്‌പെയിനിലേക്കും, പോകാമെന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കി, ലക്ഷങ്ങള്‍ തട്ടുന്ന മലയാളി ഏജന്റുമാരും, നോര്‍ത് ഇന്ത്യന്‍ ഏജന്‍സികളും, ഉക്രൈന്‍, ക്രൊയേഷ്യ, കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ ഏറ്റവും പ്രശസ്തികേട്ട സ്വിറ്റ്‌സര്‍ലന്‍ഡില്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായി, ലക്ഷങ്ങള്‍ മുടക്കി വന്ന വിദ്യാര്‍ത്ഥികള്‍പോലും അലഞ്ഞു തിരിയുന്നതായി കാണുന്നുണ്ട്…
ഇനിയും യൂറോപ്പില്‍ സ്റ്റുഡന്റ് വിസായിലെ, നഴ്‌സിങ്ങ് ജോബ് വിസായിലോ വന്നു കഴിഞ്ഞാല്‍, ചില യുവതിയുവാക്കള്‍ അകപ്പെടാവുന്ന ചില അപകടത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ്…വീടുവിട്ട് യൂറോപ്പിലെത്തുന്ന ചെറുപ്പക്കാര്‍, വീട്ടുകാരും നാട്ടുകാരും ഉപദേശിക്കാനും, നിയന്ത്രിക്കാനും ഇല്ലാത്തതിനാലും, തങ്ങളുടെ പ്രവര്‍ത്തികള്‍ നാട്ടില്‍ അറിയില്ലാ എന്ന ധാരണയിലും, ചില അസന്മാര്‍ഗിക വലയത്തില്‍പ്പെട്ട, സനാതനധര്‍മ്മങ്ങള്‍ മറന്ന് ജീവിക്കുന്നത് കാണുന്നുണ്..
വ്യക്തി സ്വാതന്ത്ര്യത്തിനും, സമത്വചിന്തകള്‍ക്കും മൂല്യം കൂടുതലുഉള്ള പാശ്ചാത്യരാജ്യത്ത്, നമ്മള്‍ കണ്ടുവളര്‍ന്ന, പൈതൃകമായി കിട്ടിയ സാമൂഹ്യ-വിശ്വാസ മൂല്യങ്ങള്‍ മറക്കാതിരിക്കുക. ഇതു വരെ പുലര്‍ത്തിയിരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ കൈവിടാതെ ജിവിക്കുക… നാം അറിയാതെ, നമ്മെ കാത്തിരിക്കുന്ന ചില ദുര്‍മാര്‍ഗ്ഗ ശീലങ്ങള്‍ മനസ്സിലാക്കുക.
1) പാശ്ചാത്യ രാജ്യങ്ങളില്‍ സുലഭമായി കിട്ടുന്ന കഞ്ചാവ്, മറ്റ് മയക്കുമരുന്ന്, മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍, പെട്രോള്‍ പമ്പിലും, തട്ടുകടകളില്‍ പോലും ലഭിക്കുന്ന മദ്യം, എന്നിവ യുവാക്കളെ ലഹരിക്ക് അടിമകളാക്കുന്നു. മയക്കു മരുന്നും മയക്കു മരുന്നിന്റെ ഉല്‍പ്പന്നങ്ങളും സര്‍ക്കാര്‍ ലൈസന്‍സോടുകൂടി വില്‍ക്കുന്ന ധാരാളം കടകള്‍ പാശ്ചാത്യ ലോകത്തുണ്ട്. മയക്കുമരുന്ന് ആസ്വദിക്കാനുള്ള യുവതീയുവാക്കളുടെ താല്പര്യം, ഇവിടെ വളരെ അനായസമായി നടക്കുകയാണ്. മയക്കുമരുന്ന് അടങ്ങിയ ജ്യൂസ്, കേക്ക്, സിഗരറ്റുകള്‍ മയക്കുമരുന്ന് പൊടികള്‍ എല്ലാം പാശ്ചാത്യ രാജ്യത്ത് സുലഭമാണ്…
2) വിവാഹിതരായ ചെറുപ്പക്കാര്‍ ജോലി തേടി പാശ്ചാത്യലോകത്ത് എത്തി, അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നത് വര്‍ദ്ധിച്ചുവരുന്നു.. അമിതമായ സോഷ്യല്‍ മീഡിയ ദുരുപയോഗം, പശ്ചത്യ രാജ്യത്ത്, പൊതുനിരത്തിലെ കാമകേളിവിലാസങ്ങള്‍, തുടങ്ങിയ ഘടകങ്ങള്‍, കൂട്ടബബന്ധത്തിലെ ധാര്‍മിക മൂല്യങ്ങള്‍ മറക്കുകയും, പാപബോധം കുറയുകയും ചെയ്യുന്നത്, ഇത്തരം പ്രവര്‍ത്തനങ്ങളെ, ന്യായീകരിക്കാനും, അതുവഴി കുടുംബജീവിതം ശിഥിലമാകാനും കാരണമാകുന്നു.
3) പാശ്ചാത്യ രാജ്യത്ത്, കൗമാരപ്രായം മുതല്‍ ഒരു 30- 40 വയസ്സ് വരെ കൂത്താടി നടക്കുന്ന പാശ്ചാത്യ ചെറുപ്പക്കാര്‍ക്ക് 40 വയസ്സിനുശേഷം പങ്കാളിയെ കിട്ടുക എന്നുള്ളത് പലപ്പോഴും ബുദ്ധിമുട്ട് ആയിട്ട് വരുന്നു. വ്യഭിചാരം ചെയ്യുന്നതോ, പരസ്ത്രീ-പരപുരുഷബന്ധമോ, ലഘൂകരിച്ച് കാണുന്ന രീതിയാണ്… വ്യക്തി സ്വാതന്ത്ര്യം എന്നോ, പങ്കാളിയോടുള്ള അനിഷ്ടകുറവുമൂലമോ, ഇത്തരം അവിഹിതം ബന്ധങ്ങളില്‍ മലയാളികളും അകപ്പെടുന്നു എന്നുള്ളത് നമ്മുടെ ഭാരതീയ ധാര്‍മികജീവിതത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ട്. അല്‍പ്പവത്രധാരികളായ മധ്യവയസ്സികളും, വിവാഹമോചനം നേടിയ, മധ്യവയസ്സരും നല്‍കുന്ന പ്രലോഭനങ്ങളിലും, ജോലിസ്ഥലത്തുനിന്നും കിട്ടുന്ന അമിത സ്‌നേഹപ്രകടനങ്ങളിലും, ഒക്കെ നമ്മുടെ ചെറുപ്പക്കാര്‍ വീഴുന്നു എന്നത്, നമ്മുടെ മൂല്യബോധത്തിന്റെ ശോചനീതയാണ് കാണിക്കുന്നത്.
വിദേശത്ത് പഠനം കഴിഞ്ഞ്, പലരും നല്ല രീതിയില്‍ ജീവിതം പടുത്തുയര്‍ത്തുമ്പോള്‍, ചിലരെങ്കിലും ചതിക്കുഴിയിലും, തെറ്റായ കൂട്ടുകെട്ടിലും വീണു പഠനം പൂര്‍ത്തിയാക്കാതെ മദ്യത്തിലും മയക്കുമരുന്നിലും, വിദേശീയരുടെ പുറകെ വെറും കാമകേളിക്ക് പോയി ജീവിതം തകര്‍ക്കുന്നവരുണ്ട്…
കേരളത്തില്‍ ശുദ്ധവായു, വിഷ രഹിതഭക്ഷണം, സ്വന്തമായൊരു ജോലി, കേറികിടക്കാന്‍വീട്.. എന്നിങ്ങനെ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഹനിക്കപ്പെടുകയാണ്. മനുഷ്യന്റെ ആഗ്രഹങ്ങളും അവകാശങ്ങളും നേടാന്‍ വിദേശത്ത് പോകുന്നവര്‍, മനസ്സിലാക്കാന്‍ വേണ്ടി ഗുരുതരമായ ചില ചതിക്കുഴികഴികള്‍ ചുണ്ടി കാണിച്ചുവെന്ന് മാത്രം…. മാതാപിതാക്കളും ബന്ധുക്കളും, ഇടക്കിടെ മക്കളെ ഒന്ന് നിരീക്ഷിക്കുന്നത് വലിയ അപകടത്തില്‍ അകപ്പെടാതിരിക്കുന്നതിന് സഹായിക്കും.
വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍, അതായത് രാജ്യങ്ങളിലുള്ള, അറിയുന്ന വ്യക്തികളേയോ, മലയാളി അസോസിയേഷനെയോ, അതാതു രാജ്യങ്ങളിലെ എംബസികളിലും ഒക്കെ പരിശോദിക്കുന്നത്, ചതിയില്‍ വീഴാതിരിക്കാന്‍ ഒരു പരിധിവരെ സഹായിക്കും..
യൂറോപ്പില്‍ വിവിധ രാജ്യങ്ങളില്‍ ഉള്ള, ധാരാളം വിശ്വസ്തരായ ഏജസികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നഴ്‌സിംഗ് ജോലിക്കും, നഴ്‌സിങ്ങ് പഠനത്തിനും, മറ്റും വലിയ ചിലവില്ലാതെ ആളുകളെ കൊണ്ടു വരുന്നുണ്ട്. ഇത്തരം വിശ്വസ്തരായ ഏജന്‍സികളും വ്യക്തികളും ധാരാളം ആളുകളെ എത്തിച്ചിട്ടുമുണ്ട്…
(ഇവിടെ നല്‍കിയിരിക്കുന്ന വീക്ഷണങ്ങളും, കണ്ടെത്തെലുകളും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്)