ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്തു എന്ന വാര്‍ത്ത വ്യാജമാണെന്ന് സീറോ മലബാര്‍ സഭ. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ ഒരു വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ഡോ. ആന്റണി വടക്കേകര വി.സി വാര്‍ത്താ കുറിപ്പില്‍ ആറിയിച്ചു.

ഏകീകൃത സിവില്‍ കോഡിനെ സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവമാണെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളും ഐക്യത്തിനും ഉതകുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

അതിനിടെ ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ രംഗത്തെത്തി. ഏകീകൃത സിവില്‍ കോഡ് ഹിന്ദു മുസ്ലിം പ്രശ്നം മാത്രമാക്കി കാണാന്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ആശയ കുഴപ്പം ഇല്ല. പിണറായി വിജയന്റേയും എം.വി ഗോവിന്ദന്റേയും ഒത്താശ വേണ്ട. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും. വ്യക്തി നിയമത്തില്‍ സിപിഎം നിലപാട് എന്താണ്? പണ്ട് ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച ആളുകള്‍ ആണ് സിപിഎം. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതക്കുറവില്ലെന്നും ഇന്നലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സാണ് നിലപാട് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.