കൊന്നുകുഴിച്ചിട്ടത് വീട്ടുമുറ്റത്ത്, മെറ്റല്‍ നിരത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നാടകം പൊളിച്ച് പോലീസ്

മലപ്പുറം: തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. തുടര്‍ന്നാണ് സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമാണ് സുജിത. നേരത്തെ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കൈക്കലാക്കിയതായും വിവരമുണ്ട്.

സുഹൃത്തായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി തന്നെ പ്രതി കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസിന് മീറ്ററുകള്‍ക്ക് അകലെയാണ് വിഷ്ണുവിന്റെ വീട്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതി വീടിനുള്ളില്‍വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കെട്ടിത്തൂക്കി. ഇതിനുശേഷമാണ് മൃതദേഹം രഹസ്യമായി മറവുചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി വീട്ടുമുറ്റത്ത് തന്നെ കുഴിയെടുത്തു. മൃതദേഹം കുഴിച്ചിടാനായി വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരും സഹായിച്ചതായാണ് വിവരം. ഇവരും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

സുജിതയുടെ മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റല്‍ നിരത്തിയാണ് പ്രതികള്‍ സംഭവം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. മെറ്റല്‍നിരത്തിയ ശേഷം അതിന് മുകളിലായി കോഴിക്കൂടും സ്ഥാപിച്ചിരുന്നു. എന്തിനാണ് മെറ്റല്‍ ഇറക്കിയതെന്ന് ചോദിച്ചപ്പോള്‍ ആ ഭാഗത്ത് അലക്കുക്കല്ല് സ്ഥാപിക്കാനാണെന്നായിരുന്നു വിഷ്ണു നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

ഓഗസ്റ്റ് 11-ന് സുജിതയെ കാണാതായത് മുതല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ വിഷ്ണു തിരച്ചിലിന് മുന്‍നിരയിലുണ്ടായിരുന്നു. സുജിതയെ കാണാനില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും ഇയാള്‍ പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് 11-ാം തീയതിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ പോസ്റ്റ്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട് കരുവാരക്കുണ്ട് പോലീസ് പങ്കുവെച്ച പോസ്റ്റും വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സുജിതയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ കാണാനും നാട്ടുകാരെ സംഘടിപ്പിക്കാനും വിഷ്ണു മുന്‍നിരയിലുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. സുജിതയെ കാണാനില്ലെന്ന വാര്‍ത്ത നല്‍കണമെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടും ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

സുജിതയെ കൊലപ്പെടുത്തിയശേഷവും പൊതുരംഗത്ത് സജീവമായിരുന്ന വിഷ്ണുവില്‍ യാതൊരുവിധ പതര്‍ച്ചയും കണ്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. സേതുരാമയ്യര്‍ സി.ബി.ഐ. എന്ന സിനിമയില്‍ ‘ടെയ്‌ലര്‍ മണി’ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു വിഷ്ണുവിന്റെ ഇടപെടലുകള്‍. ഇതിനിടെ, സുജിത മറ്റൊരാള്‍ക്കൊപ്പം പോയെന്നരീതിയിലുള്ള കഥകള്‍ പ്രചരിപ്പിക്കാനും പ്രതി ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു.

സുജിതയുടെ തിരോധാനത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം നിര്‍ണായകമായെന്നാണ് സൂചന. കാണാതായ സുജിതയുടെ ഫോണില്‍നിന്ന് അവസാനം വിളിച്ച നമ്പര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിഷ്ണുവിന്റേതായിരുന്നു. മാത്രമല്ല, വിഷ്ണുവിന്റെ വീടിന് പരിസരത്തുവെച്ചാണ് സുജിതയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയതെന്നും പോലീസ് കണ്ടെത്തി. ഇതോടെ വിഷ്ണു പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതായാണ് വിവരം. ഇയാളില്‍നിന്ന് പലതവണ പോലീസ് വിവരങ്ങളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് വിഷ്ണുവിന്റെ വീട്ടിലാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടിരിക്കുന്നതെന്ന് പുറംലോകമറിഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ വിഷ്ണുവാണ് യുവതിയെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതെന്ന വാര്‍ത്ത കേട്ട ഞെട്ടലിലായിരുന്നു നാട്ടുകാര്‍. പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു 20 ദിവസം മുമ്പാണ് ജോലിയില്‍നിന്ന് രാജിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പഞ്ചായത്തിലെ ജോലിവിട്ടതെന്നും നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചു.

തെളിവു നശിപ്പിക്കാന്‍ ദൃശ്യം മോഡല്‍ ശ്രമം

ദൃശ്യം മോഡലില്‍ വളരെ ആസൂത്രിതമായാണ് കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി യുവതിയെ കുഴിച്ചിട്ടതിന്റെ മുകളില്‍ ബാത്റൂം കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ഹോളോബ്രിക്സ്, മെറ്റല്‍, എം സാന്‍ഡ് തുടങ്ങിയവ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ ഇറക്കിയിരുന്നു. ഗൂഢാലോചനയോടെ നടത്തിയ കൃത്യമാണ് ഇതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

കൊലപാതകത്തിന് പിന്നിലെ മോട്ടീവ് എന്താണെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. പ്രാഥമികമായി മനസ്സിലായിട്ടുള്ളത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതു മാത്രമാണ്. രാവിലെ ജോലിക്ക് പോയ പ്രതികള്‍ ഹെല്‍ത്ത് സെന്ററില്‍ പോകുകയാണെന്ന് പറഞ്ഞാണ് ജോലി സ്ഥലത്തു നിന്നും ഇറങ്ങിയത്. തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലെത്തി.

വീട്ടില്‍ വെച്ച് വിഷ്ണുവും മറ്റു പ്രതികളും ചേര്‍ന്ന് യുവതിയെ ആക്രമിച്ചു. ശ്വാസം മുട്ടിച്ചു. ബോധം കെട്ടുവീണ സുജിതയെ കഴുത്തില്‍ കയറിട്ട് ജനലിലൂടെ വലിച്ചു മരണം ഉറപ്പാക്കിയെന്ന് എസ്പി പറഞ്ഞു. മൃതദേഹം കട്ടിലിന് അടിയില്‍ ഒളിപ്പിച്ചു. വിഷ്ണുവും രണ്ടു സഹോദരങ്ങളും സുഹൃത്തുമാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തത്.

അച്ഛന് എല്ലാം അറിയാം: എസ്പി

യുവതിയെ കൊലപ്പെടുത്തിയതും കട്ടിലിന് അടിയില്‍ ഒളിപ്പിച്ചതും കുഴിച്ചിട്ടതും അടക്കമുള്ള കാര്യങ്ങള്‍ വിഷ്ണുവിന്റെ അച്ഛന് അറിയാമായിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് ഉണ്ടെന്നും എസ്പി സുജിത് ദാസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം പിടിക്കപ്പെടില്ലെന്ന ശക്തമായ ബോധ്യത്തിലായിരുന്നു വിഷ്ണുവും മറ്റു പ്രതികളും. യുവതിയെ കാണാനില്ല എന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും, യുവതിയെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വിഷ്ണു മുന്നിലുണ്ടായിരുന്നു. യുവതിയുടെ തിരോധാനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും വിഷ്ണു അടക്കമുള്ളവര്‍ പ്ലാന്‍ ചെയ്തുവെന്നും എസ്പി സുജിത് ദാസ് പറഞ്ഞു.

വിഷ്ണു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി

യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയാണ് കേസില്‍ അറസ്റ്റിലായ വിഷ്ണു. സുജിതയുടെ തിരോധാനത്തില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയും പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും അടുത്ത പരിചയക്കാരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.