അന്നമ്മ മാത്യൂവിന് പുതുജീവന്‍ നല്കിയ ‘രക്ഷകനായ ‘ ചെറുമകന്‍ റോണ്‍ മാത്യുവിനെ അഭിനന്ദിച്ചു

തലവടി: കുഴഞ്ഞ് വീണ മുത്തച്ഛി അന്നമ്മ മാത്യൂവിനെ (64) തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെടല്‍ നടത്തിയ നടുവിലേമുറി ഇടയത്ര തെക്കേകുറ്റ് റിനുവിന്റെ മകനും തലവടി ഗവണ്മെന്റ് ന്യൂ എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ റോണ്‍ മാത്യുവിന് അഭിനന്ദന പ്രവാഹം.മാധ്യമങ്ങളില്‍ വാര്‍ത്ത വായിച്ചറിഞ്ഞ് നിരവധി പേരാണ് അഭിനന്ദിച്ചത്.

തലവടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന റോണിനെ ഷാള്‍ അണിയിച്ച് അഭിനന്ദിക്കുകയും ഗിരിജ ആനന്ദ് പട്ടമന ഓണപുടവ നല്കയും ചെയ്തു. സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ഭരതന്‍ പട്ടരുമഠം, കെ.കെ.രാജു,ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്രം സമിതി മാനേജര്‍ അജികുമാര്‍ കലവറശ്ശേരില്‍, റിനു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

സ്‌ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തച്ചിക്ക് സഹായമായത് ചെറുമകന്‍ റോണിന്റെ സമയോചിത പ്രവര്‍ത്തനം.കഴിഞ്ഞ ദിവസം റിനു പ്രഭാത സവാരിക്ക് പോയ സമയത്താണ് അന്നമ്മ മാത്യു കുഴഞ്ഞ് വീണത്. സംസാരിക്കാനോ കൈ ചലിപ്പിക്കുവാനോ സാധിക്കാത്ത അവസ്ഥ ആയത്. കയ്യില്‍ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ആണ് റോണ്‍ ഉണര്‍ന്നത്.വീട്ടില്‍ അന്നമ്മയുടെ 87 വയസ്സുള്ള മാതാവും രണ്ട് കൊച്ചുമക്കളും മാത്രമാണ് ഉണ്ടായിരുന്നത്. റോണിന്റെ മാതാവ് അഞ്ചു റിനു ഉത്തര്‍ പ്രദേശില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു.തലവടി ചുണ്ടന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിനു കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലാണ്.

കുട്ടികള്‍ക്ക് വിളിക്കാന്‍ പറ്റുന്ന തരത്തില്‍ ലാന്‍ഡ് ഫോണില്‍ എമര്‍ജന്‍സി നമ്പ രായി സേവ് ചെയ്തിടുള്ള റിനുവിന്റെ നമ്പരിലേക്ക് റോണ്‍ വിളിച്ചു.പെട്ടന്ന് സാഹചര്യം മനസിലാക്കി ഉടനെ തന്നെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് കുഴഞ്ഞ് വീണ് കിടക്കുന്ന അമ്മയെയാണ് കണ്ടത്.ഉടന്‍ തിരുവല്ലയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നല്കി. സമയത്ത് എത്തിച്ചില്ലായിരുന്നുവെങ്കില്‍ ഒരു വശം പൂര്‍ണ്ണമായും തളരുവാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപെടുത്തിയതായി റിനു പറഞ്ഞു.ഇപ്പോള്‍ തുടര്‍ ചികിത്സയിലാണ് അന്നമ്മ.ആരോണ്‍ മാത്യു റിനു ആണ് റോണിന്റെ സഹോദരന്‍.